ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനികളോടൊപ്പമുള്ള ലൈംഗിക വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച എ.ബി.വി.പി നേതാവ് അറസ്റ്റില്‍. തൃത്തഹള്ളി താലൂക്ക് എ.ബി.വി.പി യൂണിറ്റ് പ്രസിഡന്റ് പ്രതീക് ഗൗഡയേയാണ് ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.ടി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ വീഡിയോകള്‍ പകര്‍ത്തിയ ശേഷം അവരെ ഇയാള്‍ ഉപദ്രവിച്ചിരുന്നുവെന്നും ശിവമോഗ എസ്.പി ജി.കെ മിഥുന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തൃത്തഹള്ളി താലൂക്ക് എന്‍.എസ്.യു നേതാക്കളുടെ പരാതിയിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതീകിനെ അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണിപ്പോള്‍.
വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വഴി ലൈംഗിക വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ഐ.ടി ആക്ട് അനുസരിച്ച് നിയമവിരുദ്ധമാണെന്ന് ശിവമോഗ പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ശിക്ഷക്ക് പുറമേ അഞ്ച് വര്‍ഷം തടവ് വരെ കിട്ടാവുന്ന കുറ്റകൃത്യമാണിതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വാട്‌സ് ആപ്പ് അഡ്മിനായവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം, സംഭവത്തില്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എ.ബി.വി.പി നേതാക്കളും ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി മുതല്‍ സംഘടനാ ചുമതലകളില്‍ നിന്നും ഇയാളെ മാറ്റി നിര്‍ത്തിയിരുന്നതായി നേതാക്കള്‍ പറഞ്ഞു. സംഘടനയുടെ പേര് ഉപയോഗിച്ച് ഇയാള്‍ ആളുകളെ ഉപദ്രവിച്ചെന്നും അവര്‍ പറയുന്നു.
Content Highlight: ABVP leader arrested for sharing sexual videos in social media