ജെ.എന്‍.യുവില്‍ പരുക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ എത്തിയ ഡോക്ടര്‍മാര്‍ക്കു നേരെയും മര്‍ദ്ദനം; നൂറു കണക്കിന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകള്‍
ന്യൂദല്‍ഹി: എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ജെ.എന്‍.യുവിലെത്തിയ എയിംസിലെ സംഘത്തെ മര്‍ദ്ദിച്ചതായി ആരോപണം. ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ വളന്റിയേഴ്‌സുമടങ്ങുന്ന സംഘത്തെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞതായി എയിംസിലെ ഡോക്ടര്‍ ഹരിജിത് സിങ് ഭാട്ടി ട്വീറ്റ് ചെയ്തു.
‘എ.ബി.വി.പിയുടെ അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ക്യാംപസിലേക്ക് എത്തിയ ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ വളന്റിയര്‍മാരും അടങ്ങുന്ന സംഘത്തെ നൂറുകണക്കിനു വരുന്ന എബിവിപിക്കാര്‍ മര്‍ദിച്ചു. ആംബുലന്‍സിന്റെ വാതിലുകളും ഗ്ലാസുകളും എല്ലാം അടിച്ചു തകര്‍ത്തു’ – ഹരിജിത് സിങ് ട്വീറ്റ് ചെയ്തു.
ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അക്രമം അഴിച്ചു വിട്ടത്. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചത്.
Our team of doctors, nurses & medical volunteers who reached JNU to give first aid to injured students & teachers, was attacked by hundreds of goons. Mob manhandled doctors, nurses & threatened them. Our ambulance’s glass & windows broken, this is totally inhuman & insane. pic.twitter.com/IOiu7BHVbG
സംഭവത്തില്‍ അപലപിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹി പൊലീസ് ഉടന്‍ തന്നെ നടപടി സ്വീകരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് അദ്ദേഹം അറിയിച്ചത്.
എന്നാല്‍ ജെ.എന്‍.യുവിലെ ക്രമസമാധാന നില നിയന്ത്രണ വിധേയമാണെന്ന് ദല്‍ഹി പൊലീസ് പറഞ്ഞതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.