തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷത്തില്‍ പ്രതിഷേധിക്കാന്‍ വന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് അബദ്ധം. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഉപരോധിക്കാന്‍ എത്തിയ പ്രവര്‍ത്തകര്‍ക്ക് വീട് മാറിയാണ് അബന്ധം പറ്റിയത്.
കേരള സര്‍വ്വകലാശാല വിസിയുടെ വീടെന്ന് കരുതി വി.സിയുടെ ഭാര്യ പിതാവിന്റെ വീട് ഉപരോധിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പ്രവര്‍ത്തകര്‍ 15 മിനിറ്റോളം മുദ്രാവാക്യം വിളിച്ച ശേഷമാണ് അബന്ധം മനസിലായത്.
തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് വരെ പ്രതിഷേധം തുടരുകയായിരുന്നു. അതേസമയം കോളജുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണം ആവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.
സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലില്‍ ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളുണ്ടാകും. നോട്ടീസ് പതിക്കലിനും ചുമരെഴുത്തിനുമൊക്കെ മാനദണ്ഡങ്ങള്‍ വരുമെന്നും മന്ത്രി പറഞ്ഞു. മനോരമന്യൂസിന്റെ നേരേചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനത്തിലെ അധ്യാപകരെ സ്ഥലമാറ്റുമെന്നും കോളേജില്‍ നിന്ന് പരീക്ഷയുടെ ഉത്തരകടലാസ് കടത്തിയതില്‍ അധ്യാപകരുടെ പങ്കും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റുകളുണ്ടാക്കാന്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ടുവരണമെന്നും കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. എസ്.എഫ്.ഐയുടെ ഭീഷണി കാരണം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന കെ.എസ്.യു നിലപാട് ഭീരുത്വമാണെന്നും മന്ത്രി പറഞ്ഞു
DoolNews Video