| Saturday, 2nd April 2016, 12:16 am

ഭാരതീയ സംസ്‌കാരത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഗുരുവായൂരപ്പന്‍ കോളേജ് മാഗസിന്‍ കത്തിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഭാരതീയ സംസ്‌കാരത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളേജ് മാഗസിന് കത്തിച്ചു. കോളേജിലെ 2014-2015 വര്‍ഷത്തെ “വിശ്വ വിഖ്യാത തെറി”  എന്ന പേരിലുള്ള മാഗസിനാണ്  ഗുരുവായൂരപ്പന്‍ കോളേജ് എ.ബി.വി.പി യൂണിറ്റ് പ്രവര്‍ത്തകര്‍ കത്തിച്ചത്.

യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എ.ബി.വി.പി ജില്ല കണ്‍വീനര്‍ എന്നിവരുടെ

നേതൃത്വത്തില്‍ കത്തിച്ചത്.

മുഖ്യധാര സമൂഹം തെറിയായി ഉപയോഗിക്കുന്ന പല പദങ്ങളും ജാതീയവും വംശീയവും ലിംഗപരവുമായ അധിക്ഷേപമാണ്. ഇത്തരം പദാവലികളെ പുതിയ സാമൂഹിക രാഷ്ട്രീയ പരിസരത്ത് നിന്നുകൊണ്ട് വിശകലനം ചെയ്യുകയാണ് മാഗസിന് ചെയ്യുന്നതെന്ന് മാഗസിന് പ്രവര്‍ത്തകര്‍ പറഞ്ഞു.

മാനേജ്‌മെന്റില്‍ നിന്നും ചില അധ്യാപകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകളെയും അവഗണനകളെയും അതിജീവിച്ച് പുറത്തിറക്കിയ “വിശ്വ വിഖ്യാത തെറിക്ക്” വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്നും മാഗസിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


തെണ്ടി, ചെറ്റ, തോട്ടി, പുലയാടി, കഴുവേറി തുടങ്ങിയ അധ്യായങ്ങളായാണ് മാഗസിന് ആരംഭിക്കുന്നത്. ചാതുര്‍വര്‍ണ്യത്തിന്റെ ശ്രേണികളാല്‍ വിവിധ സാമൂഹിക ഇടങ്ങളില്‍ നിന്നും തിരസ്‌കരിക്കപ്പെട്ടുപോയ കീഴാള ജീവിതങ്ങളെയും അവരുടെ തൊഴിലുകളെയും ജീവിത പരിസരങ്ങളെയും കേവലം തെറി പ്രയോഗങ്ങളാക്കി മാറ്റിയ സവര്‍ണ തിരസ്‌കാരത്തിന്റെ വേരുകളെ അടിയോടെ പിഴുതെറിയാന്‍ ശ്രമിക്കുകയാണ് മാഗസിന് ചെയ്യുന്നത്.

ലൈംഗിക ന്യൂനപക്ഷങ്ങള്‍, മുഖ്യധാരയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ജനതയുടെ ജീവിതങ്ങളിലൂടെ കടന്നു പോകുന്ന മാഗസിന് പുതിയകാല ക്യാമ്പസ് പ്രതിരോധങ്ങളെയടക്കം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടെന്നും ഒന്നാം ലിംഗം, രണ്ടാം ലിംഗം, മൂന്നാം ലിംഗം എന്നീ തരത്തിലുള്ള മലയാളിയുടെ ഭാഷാ പ്രയോഗത്തിനെതിരെ ലൈംഗികതയ്ക്ക് ആരാണ് റാങ്ക് നിശ്ചയിച്ചതെന്ന ചോദ്യവും മാഗസിന് ഉയര്‍ത്തുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മുഖ്യധാര തെറിയായി ഉപയോഗിക്കുന്ന പല പദങ്ങളെയും പ്രയോഗങ്ങളെയും അതിന്റെ സാമൂഹിക രാഷ്ട്രീയ പരിസരങ്ങളില്‍ നിന്നും വിശകലനം ചെയ്തതാണ് സംസ്‌കാരത്തെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് എ.ബി.വി.പി മാഗസിന് കത്തിച്ചത്. മാഗസിന് തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍ ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകണമെന്ന് വരെ ചില അധ്യാപകര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മാഗസിനെതിരെ എ.ബി.വി.പി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിറക്കുകയും മാഗസിന്‍ വായിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിലക്കിയതിനും പിന്നാലെയാണ് പ്രവര്‍ത്തകര്‍ മാഗസിന്‍ കത്തിച്ചത്.

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ മാഗസിന്റെ പ്രകാശനവും വേറിട്ടതായിരുന്നു. മാഗസിന്റെ ഉള്ളടക്കവുമായി നീതി പുലര്‍ത്തുന്ന തരത്തില്‍ ഗുരുവായൂരപ്പന്‍ കോളേജിലെ ക്യാന്റീനില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന രാധേച്ചിക്ക് കൈമാറിയായിരുന്നു പ്രകാശനം ചെയ്തത്.

We use cookies to give you the best possible experience. Learn more