യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; ബി.ജെ.പി എം.എല്‍.എയെ കയ്യേറ്റം ചെയ്ത് ആര്‍.എസ്.എസ് എ.ബി.വി.പി പ്രവര്‍ത്തകര്‍
Daily News
യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; ബി.ജെ.പി എം.എല്‍.എയെ കയ്യേറ്റം ചെയ്ത് ആര്‍.എസ്.എസ് എ.ബി.വി.പി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2017, 12:36 pm

ഹരിദ്വാര്‍: യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ഹരിദ്വാറിലെ ബി.ജെ.പി എം.എല്‍.എയെ കയ്യേറ്റം ചെയ്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍


Also Read കണ്ണന്താനത്തെ അഭിനന്ദിക്കേണ്ടതായി ഒന്നുമില്ല; ഇടത് സഹയാത്രികന്‍ ഫാസിസത്തിന്റെ ചട്ടുകമായി മാറരുതായിരുന്നെന്നും വി.എസ്


ഗുരുകുല്‍ കന്‍ഗ്രി വിശ്വവിദ്യാലയത്തിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് കാരണം ബി.ജെ.പി എം.എല്‍.എ സ്വാമി യതീശ്വരാനന്ദയാണെന്ന് ആരോപിച്ചായിരുന്നു എ.ബി.വി.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എം.എ.യുടെ ആശ്രമത്തിലേക്ക് പ്രതിഷേധപ്രവകനവുമായി എത്തുകയും അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയും ചെയ്തത്.

യതീശ്വരാനന്ദ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നുമായിരുന്നു എ.ബി.വി.പിയുടെ ആരോപണം. ആശ്രമത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലം കത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ എം.എല്‍.എയെ പിന്തുണയക്കുന്നവരും എ.ബി.വി.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി ആരംഭിച്ചു.

എ.ബി.വി.പിക്കാര്‍ ഇതിനിടെ എം.എല്‍.എയെ കയ്യേറ്റം ചെയ്യുകയുംചെയ്തു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി എം.എല്‍.എയുടെ പരാതിയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തതായി പൊലീസ് അറിയിച്ചു.

എ.ബി.വി.പിയുടെ പരമ്പരാഗത ശക്തികേന്ദ്രമായിരുന്നു ഗുരുകുല്‍ കന്‍ഗ്രി യൂണിവേഴ്‌സിറ്റി. വ്യാഴാഴ്ചയായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഫ്‌ലിയേറ്ററ്റ് നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിക്രം ബുള്ളര്‍ വന്‍വിജയം നേടിയിരുന്നു. എ.ബി.വി.പി സ്ഥാനാര്‍ത്ഥിയെ തറപറ്റിച്ചുകൊണ്ടായിരുന്നു വിക്രമിന്റെ തകര്‍പ്പന്‍ ജയം.


Also Read ‘മോദി അങ്ങനെ എളുപ്പത്തിലൊന്നും രാജിവെക്കില്ല’; നോട്ട് നിരോധനം പരാജയമായിരുന്നെന്ന് സമ്മതിക്കാനുള്ള ചങ്കൂറ്റമെങ്കിലും കാണിക്കണമെന്ന് ചിദംബരം


എന്നാല്‍ വിജയത്തിന് കാരണം യതീശ്വരാനന്ദ മാത്രമാണെന്നും സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മത്സരിക്കാതെ അദ്ദേഹം എതിര്‍പാര്‍ട്ടിക്ക് വേണ്ടി വോട്ട് പിടിച്ചുവെന്നായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകരുടെ ആരോപണം. പണവും മസില്‍പവറും ഉപയോഗിച്ച് അദ്ദേഹം വിക്രം ബുള്ളറിന് വേണ്ടി പ്രവര്‍ത്തിച്ചു. എ.ബി.വി.പി സ്ഥാനര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് തങ്ങളുടെ യോഗങ്ങൡ പറയുകയും അണിയറയില്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രയത്‌നിക്കുകയായിരുന്നു അദ്ദേഹമെന്നും എ.ബി.വി.പി ആരോപിക്കുന്നു.

എന്നാല്‍ എ.ബി.വി.പിയുടേത് തികച്ചും തെറ്റായ ആരോപണമാണെന്നും യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു പ്രവര്‍ത്തനവും താന്‍ നടത്തിയിട്ടില്ലെന്നും യതീശ്വരാനന്ദ പ്രതികരിച്ചു.

“എന്തിന് വേണ്ടിയാണ് ഞാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത്. ഞാന്‍ ഒരു എംഎല്‍.എയാണ്. എന്നെ കരിവാരിത്തേക്കാനായി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്ക് കത്തയക്കും-യതീശ്വരാനന്ദ പി.ടിഐയോട് പ്രതികരിച്ചു.

ബി.ജെ.പി എം.എല്‍.എയെ കയ്യേറ്റം ചെയ്ത എ.ബി.വി.പിപ്രവര്‍ത്തകര്‍ക്കെതിരെ സെക്ഷന്‍ 323,504, 506,വകുപ്പുകള്‍ പ്രകാരം കേസ് രജിസറ്റര്‍ ചെയ്തതായി ഹരിദ്വാര്‍ എസ്.പി മമത വോഹ്‌റ പറഞ്ഞു.