അധികൃതരുടെ ഭീഷണി വകവെക്കാതെ ബി.ബി.സി ഡോക്യുമെന്ററി കാണാനെത്തിയ 300 വിദ്യാര്‍ത്ഥികളെ എ.ബി.വി.പി ആക്രമിച്ചു: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി എസ്.എഫ്.ഐ
national news
അധികൃതരുടെ ഭീഷണി വകവെക്കാതെ ബി.ബി.സി ഡോക്യുമെന്ററി കാണാനെത്തിയ 300 വിദ്യാര്‍ത്ഥികളെ എ.ബി.വി.പി ആക്രമിച്ചു: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 27, 02:37 pm
Friday, 27th January 2023, 8:07 pm

കാലാപ്പേട്ട്: ഗുജറാത്ത് കലാപത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് സംസാരിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍റെ’  പ്രദര്‍ശനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

എ.ബി.വി.പി പ്രവര്‍ത്തകരാണ് ഡോക്യുമെന്ററി കാണാനെത്തിയ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത്.

ജനുവരി 26നായിരുന്നു പ്രദര്‍ശനം നടന്നത്. ആദ്യം ഹോസ്റ്റലില്‍ വെച്ചായിരുന്നു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വൈഫൈയും വൈദ്യുതിയും വിച്ഛേദിക്കുമെന്ന് അധികൃതര്‍ അറിയിച്ചതിന് പിന്നാലെ പ്രദര്‍ശന സ്ഥലം മാറ്റുകയായിരുന്നു.

തുടര്‍ന്ന് ക്യാമ്പസിനുള്ളില്‍ വെച്ച് ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയ ഉടന്‍ തന്നെ മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയ എത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തുകയുമായിരുന്നുവെന്ന് എസ്.എഫ്.ഐ പറഞ്ഞു. അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

എന്നാല്‍ സംഘര്‍ഷത്തിന് ശേഷവും പ്രദര്‍ശനം തുടര്‍ന്നു. പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച അഡ്മിനിസ്‌ട്രേഷന്റെ ശക്തമായ അച്ചടക്ക നടപടികളുണ്ടാവുമെന്ന ഭീഷണി വകവെക്കാതെയാണ് 300ഓളം വിദ്യാര്‍ഥികളെ അണിനിര്‍ത്തി പ്രദര്‍ശനം നടത്തിയതെന്നും എസ്.എഫ്.ഐ കൂട്ടിച്ചേര്‍ത്തു.

പ്രദര്‍ശനം തടയാനായി ജെ.എന്‍.യുവിന് സമാനമായ രീതിയില്‍ രണ്ടു ദിവസമായി ക്യാമ്പസില്‍ വൈഫൈ വിച്ഛേദിച്ചിരിക്കുകയാണെന്നും എസ്.എഫ്.ഐ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ സര്‍വകലാശാലകളില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അധികൃതരുടെ വിലക്ക് മറികടന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം തുടരുന്നത്.

വൈദ്യുതി ബന്ധം വിച്ഛേദിച്ചും ഇന്റര്‍നെറ്റ് കണക്ഷന്‍ റദ്ദാക്കിയുമാണ് അധികൃതര്‍ പ്രദര്‍ശനം തടയാന്‍ ശ്രമിക്കുന്നത്. ജെ.എന്‍.യുവില്‍ ഫോണിലും ലാപ് ടോപ്പിലുമായിട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി കാണുന്നത് തുടര്‍ന്നത്. ജെ.എന്‍.യുവിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടാവുകയും ഇത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് ഇരയായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ബി.ബി.സി ഡോക്യുമെന്ററിയുടെ ആക്‌സസ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. ഇതിന്റെ ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്ക് സര്‍ക്കാര്‍ വെള്ളിയാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവയെ മറികടന്നുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെയും അവരുടെ യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനം തുടരുകയാണ്.

ഇക്കഴിഞ്ഞ 17ാം തീയതിയായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം ബി.ബി.സി സംപ്രേക്ഷണം ചെയ്തത്. ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രതിഷേധങ്ങള്‍ ശക്തമായിരുന്നെങ്കിലും സീരീസിന്റെ രണ്ടാം ഭാഗം ജനുവരി 24ന് ബി.ബി.സി റിലീസ് ചെയ്തിരുന്നു.

ഗുജറാത്ത് കലാപത്തിന് പുറമെ 2019 തെരഞ്ഞെടുപ്പ് കാലത്ത് മോദി സ്വീകരിച്ച നയങ്ങളും നിലപാടുകളും സംബന്ധിച്ചുള്ള വിലയിരുത്തലുകളും രണ്ടാം ഭാഗത്തിലുണ്ടെന്ന് ബി.ബി.സി പറഞ്ഞു.

Content Highlight: ABVP attacked Pondicherry University students for watching BBC documentary on Modi, says SFI