ഉദയ്പൂർ: ബാബരി മസ്ജിദിനെക്കുറിച്ചുള്ള അധ്യാപകന്റെ പഴയ പോസ്റ്റിന്റെ പേരിൽ അധ്യാപകനെതിരെ പ്രതിഷേധിച്ച് എ.ബി.വി.പി.വിദ്യാർത്ഥി സംഘടന. ഉദയ്പൂരിലെ മോഹൻലാൽ സുഗാധിയാ യൂണിവേഴ്സിറ്റിയിൽ പ്രത്യേക ക്ലാസ് എടുക്കാനെത്തിയ ഹിസ്റ്ററി അധ്യാപകനായ ഡോ. ഹിമാൻഷു പാണ്ഡ്യക്ക് നേരെയാണ് പ്രതിഷേധം ഉണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിന്റെ തലേ ദിവസം എ.ബി.വി.പി സംഘടനാ പ്രവർത്തകർ ക്ലാസ്സിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ബാബരി മസ്ജിദിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഴയ പോസ്റ്റ് കാണിക്കുകയും അദ്ദേഹത്തെ ഹിന്ദുവിരുദ്ധനെന്ന് വിളിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മോദിസർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നത് ഉറപ്പായതോടെയാണ് അതിക്രമവുമായി എ.ബി.വി.പി രംഗത്തെത്തിയത്.
പിന്നാലെ ക്ലാസ് എടുക്കുന്നതിൽ നിന്ന് ഡോ. പാണ്ഡ്യയെ തടയുകയും ക്ലാസ്സിൽ നിന്ന് ബലമായി പിടിച്ചിറക്കുകയും ചെയ്തു. പുറത്തെത്തിയതിന് ശേഷവും അദ്ദേഹത്തെ ദേശദ്രോഹിയെന്നും ഹിന്ദുവിരുദ്ധനെന്നും വിളിച്ചധിക്ഷേപിക്കുകയായിരുന്നു.
തന്നെ അവർ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്നും അതിൽ നന്ദിയുണ്ടെന്നും ഡോ. പാണ്ഡ്യ പിന്നീട് പറഞ്ഞു.
ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിൽ ആയിരുന്നു അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയത്. അതിൽ രാജ്യത്തെ മുസ്‌ലിം വിരുദ്ധതയെക്കുറിച്ചും ബാബരി മസ്ജിദ് പൊളിച്ചത് അനീതിയാണെന്നും അദ്ദേഹം എഴുതിയിരുന്നു.
ദേശീയ നേട്ടത്തെ വിമർശിക്കുന്ന, ഹിന്ദുവിരുദ്ധനായ ഒരാൾക്ക് തങ്ങളുടെ യൂണിവേഴ്സിറ്റിയിൽ ഇരിക്കാൻ അർഹതയില്ലെന്ന് പറഞ്ഞായിരുന്നു എ.ബി.വി.പിയുടെ പ്രതിഷേധം. ക്ലാസ് കഴിയുന്നത് വരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട ഡോ. പാണ്ഡ്യയെ അവർ വീണ്ടും അധിക്ഷേപിക്കുകയും ക്ലാസ്സിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു.
അധ്യാപകന്റെ സുരക്ഷയെക്കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടായിരുന്നെന്ന് മറ്റ് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ യൂണിവേഴ്സിറ്റി ഒന്നും തന്നെ ചെയ്തില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
‘യൂണിവേഴ്സിറ്റി പൊലീസിനെ വിളിക്കുകയോ അദ്ദേഹം സുരക്ഷിതമായി വീട്ടിൽ എത്തിയോ എന്ന് അന്വേഷിക്കുകയോ ചെയ്തില്ല,’ ഡോ പാണ്ഡ്യയുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന വിദ്യാർഥികളിലൊരാൾ പറഞ്ഞു.
‘ഒരു ദളിത് വിദ്യാർത്ഥി തന്റെ ബൈക്കിൽ വന്ന് എന്നെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞു. എന്നാൽ എ.ബി.വി.പി നേതാക്കൾ അവിടേക്ക് വരികയും ആ വിദ്യാർത്ഥിയുടെ ബൈക്കിന്റെ താക്കോൽ പിടിച്ച് വാങ്ങുകയും ചെയ്തു,’ ഡോ പാണ്ഡ്യ പറഞ്ഞു.