തൃശൂര്‍: ബാബരി മസ്ജിദ് തര്‍ക്കം വിശദമായി ആവിഷ്‌കരിക്കുന്ന ആനന്ദ് പട്‌വര്‍ധന്റെ പ്രശസ്ഥ ഡോക്യുമെന്ററി രാം കെ നാം പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ തൃശൂര്‍ ലോ കോളേജില്‍ എ.ബി.വി.പി ആക്രമം. ലോ കോളേജിലെ മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കോളേജില്‍ രാം കേ നാം പ്രദര്‍ശനം നടത്തിയത്. ഒന്നര മണിക്കൂറോളം ഡോക്യുമെന്റെറി പ്രദര്‍ശനം നടത്തി. തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകരെത്തി പ്രദര്‍ശനം തടയുകയായിരുന്നു.
പ്രദര്‍ശനസ്ഥലത്തേക്ക് എ.ബി.വി.പി പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയതോടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമാവുകയായിരുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് സ്ഥലത്തെത്തിയിരുന്ന പോലീസ് പക്ഷെ പരിപാടിക്കിടെ സംഘര്‍ഷമുണ്ടാക്കാനെത്തിയ എ.ബി.വിപി പ്രവര്‍ത്തകരെ തടയുന്നതിനു പകരം പ്രദര്‍ശനത്തിനുപയോഗിച്ച പ്രൊജക്ടറുള്‍പ്പടെയുള്ള സാമനഗ്രികള്‍ പിടിച്ചെടുക്കുകയും സ്‌ക്രീന്‍ വലിച്ചുകീറുകയുമാണുണ്ടായതെന്ന് പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളിരൊളാള്‍ പറയുന്നു.
വെള്ളിയാഴ്ച്ച “ഫാസിസത്തിനെതിരെ വിദ്യാര്‍ത്ഥികള്‍” എന്ന മുദ്രാവാക്യവുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കോളേജില്‍ രാം കെ നാം പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു എന്നാല്‍ എ.ബി.വി.പി പ്രവര്‍ത്തകരെത്തി പരിപാടി തടസപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്ന് തിങ്കളാഴ്ച്ച രാം കെ നാം പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.