Advertisement
India
ഉമര്‍ ഖാലിദിന് അനുമതി നിഷേധിച്ച സംഭവം; ദല്‍ഹി സര്‍വകലാശാലയില്‍ ഐസ പ്രതിഷേധത്തിന് നേരെ എ.ബി.വി.പി സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Feb 22, 12:48 pm
Wednesday, 22nd February 2017, 6:18 pm

 

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിന് സംസാരിക്കാന്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ ഐസയുടെ (ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) പ്രതിഷേധത്തിനിടെ സംഘര്‍ഷം.

ഇന്നലെ ഉമര്‍ഖാലിദിനെ സെമിനാറില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഐസയുടെ നേതൃത്വത്തില്‍ മൗറീസ് നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് തടഞ്ഞുകൊണ്ട് എ.ബി.വി.പി എത്തിയത് സംഘര്‍ഷത്തിന് കാരണമാവുകയായിരുന്നു.

സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

എ.ബി.വി.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് വളയുകയായിരുന്നുവെന്ന് ഐസപ്രവര്‍ത്തകര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലെറിയുകയും പെണ്‍കുട്ടികളുടെ മുടി വലിച്ചിഴക്കുകയും ചെയ്ത എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുകയായിരുന്നുവെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റാഷിദ് പറഞ്ഞു.

ഇന്നലെ രാംജാസ് കോളേജില്‍ നടന്ന സെമിനാറില്‍ ഉമര്‍ഖാലിദിനെ സംസാരിക്കാന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല. സംഘാടകര്‍ക്ക് നേരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും വൈദ്യുതി തടസപ്പെടുത്തിയാതായും ആരോപണമുയര്‍ന്നിരുന്നു.