| Thursday, 27th September 2018, 4:39 pm

കോളേജ് അധ്യാപകനെ ദേശദ്രോഹിയെന്ന് വിളിച്ച് എ.ബി.വി.പിക്കാര്‍; വിദ്യാര്‍ത്ഥികളുടെ കാലുപിടിച്ച് അധ്യാപകന്‍: വീഡിയോ വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മന്ദ്‌സൗറിലെ സര്‍ക്കാര്‍ കോളേജില്‍ അധ്യാപകനെ രാജ്യദോഹിയാക്കി എ.ബി.വി.പിക്കാര്‍. തങ്ങളെ മുദ്രാവാക്യം വിളിക്കാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞായിരുന്നു അധ്യാപകനെ രാജ്യദ്രോഹിയെന്ന് വിളിച്ചുള്ള എ.ബി.വി.പിക്കാരുടെ പ്രകടനം.

കോളേജില്‍ നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള വിജ്ഞാപനം വൈകുന്നെന്നാരോപിച്ച് കോളേജ് പ്രിന്‍സിപ്പലിനെ ഘരാവോ ചെയ്യുകയായിരുന്നു എ.ബി.വി.പിക്കാര്‍. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രിന്‍സിപ്പലിന്റെ മുറിക്ക് പുറത്തിരുന്നായിരുന്നു പ്രതിഷേധം.

ഇതോടെ കോളേജിലെ പ്രൊഫസറായ ദിനേഷ് ഗുപ്ത വിദ്യാര്‍ത്ഥികളുടെ അടുത്ത് എത്തുകയും അല്പം ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുദ്രാവാക്യം വിളിയുടെ ശബ്ദം കൊണ്ട് തനിക്ക് ക്ലാസ് എടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.


നിങ്ങളുടെ ആ ചിരി വികൃതമായിരുന്നു; ഒരിക്കലും ഞാനത് മറക്കില്ല: കീര്‍ത്തി സുരേഷിനെതിരെ നടി ശ്രീറെഡ്ഡി


ഇതോടെ അധ്യാപകന്‍ തങ്ങള്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് തടഞ്ഞെന്നും അദ്ദേഹം ദേശവിരുദ്ധനാണെന്നും മാപ്പുപറയണമെന്നും പറഞ്ഞ് എ.ബി.വി.പിക്കാര്‍ രംഗത്തെത്തി. ദേശവിരുദ്ധ നടപടിക്കെതിരെ അധ്യാപകനെതിരെ എഫ്.ഐ.ആര്‍ ഇടുമെന്നും വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തി.

ഇതോടെ ഓരോ വിദ്യാര്‍ത്ഥിയുടേയും അടുത്തെത്തി അധ്യാപകന്‍ കാലുപിടിക്കുകയായിരുന്നു. അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ കാലുപിടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. മൂന്ന് ദിവസത്തെ ലീവിന് അധ്യാപകന്‍ അപേക്ഷിച്ചിട്ടുണ്ട്.

എന്നാല്‍ എ.ബി.വി.പിക്കാരെ ന്യായീകരിച്ചുകൊണ്ടാണ് മന്ദ്‌സൗര്‍ എം.എല്‍.എ യഷ്പാല്‍ സിസോദിയ രംഗത്തെത്തിയത്. അത് ഇത്ര വലിയ കാര്യമൊന്നും അല്ലെന്നും തങ്ങളുടെ കാലുപിടിക്കാനോ മാപ്പുപറയാനോ എ.ബി.വി.പിക്കാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ലെന്നുമാണ് എം.എല്‍.എയുടെ ന്യായീകരണം. അധ്യാപകനോട് മാപ്പ് പറയാന്‍ എ.ബി.വി.പിക്കാര്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോ ഇല്ലെന്നും ഇദ്ദേഹം പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more