| Friday, 27th April 2018, 10:14 am

വാട്‌സാപ്പ് ഹര്‍ത്താല്‍; എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേരി: കഠ്‌വ ബലാത്സംഗത്തിനുപിന്നാലെ സംസ്ഥാനത്ത് വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാര്‍ ആസൂത്രണം ചെയ്ത ഹര്‍ത്താലില്‍ ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. കൊല്ലം ചടയമംഗലം സ്വദേശി സൗരവ് സനുവാണ് അറസ്റ്റിലായത്. ഹര്‍ത്താല്‍ ഗൂഢാലോചന അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ജോഷി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എ.ബി.വി.പി പ്രവര്‍ത്തകനായ സൗരവിനെ പിടികൂടിയത്.

വോയ്‌സ് ഓഫ് യൂത്തിന്റെ ആറാം പതിപ്പിന്റെ അഡ്മിനാണ് ആറ്റിങ്ങലിലെ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക് വിദ്യാര്‍ത്ഥിയായ സൗരവ്. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും സൗരവിനെയും പ്രതിയാക്കും. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ റിമാന്‍ഡ് ചെയ്തു.


Also Read:  ഗംഭീറിന്റെ നായകമികവ് ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല; ബാറ്റിങ്ങ് നിരയുടെ പരാജയമാണ് ഡല്‍ഹിയുടെ തിരിച്ചടി: സഞ്ജയ് മഞ്ജരേക്കര്‍


കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, പെണ്‍കുട്ടിയെ അപമാനിക്കല്‍, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മഞ്ചേരിയില്‍ പിടിയിലായ അഞ്ചുപേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൗരവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

നേരത്തെ അറസ്റ്റിലായ അമര്‍നാഥ് ബൈജുവിന്റെ സഹപാഠിയാണ് സൗരവ്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഹര്‍ത്താല്‍ സംബന്ധിച്ച ഗൂഢാലോചന പുറത്ത് വരുന്നത്. കേരളത്തില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണ് ഹര്‍ത്താല്‍ ആസൂത്രണം ചെയ്തത്. സംഘപരിവാറുകരായ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം ഉഴുകുന്ന് അമരാലയം വീട്ടില്‍ അമര്‍നാഥ് ബൈജു (20)വാണ് ഹര്‍ത്താല്‍ എന്ന ആശയം മുന്നോട്ട് വെച്ചത്. ഇതിനായി വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി മേഖലാതലത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം.


വീണ്ടും സുപ്രീം കോടതിയില്‍ അസ്വാഭാവിക നടപടി; കെ.എം ജോസഫിന്റെ നിയമനം തള്ളിയതിനെതിരെ പ്രതിഷേധവുമായി 100ഓളം അഭിഭാഷകര്‍


തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എം.ജെ.സിറിള്‍, നെല്ലിവള സ്വദേശി സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹര്‍ത്താലിനുശേഷവും കലാപം നടത്താനും ഇവര്‍ ആഹ്വാനം ചെയ്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more