|

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപം; എം. രാധാകൃഷ്ണന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയെന്ന് കെ.യു.ഡബ്ല്യൂ.ജെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ വനിത ജേര്‍ണലിസ്റ്റ് കോണ്‍ക്ലേവില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

പ്രസ് ക്ലബ് സെക്രട്ടറിയുടെ വിലകുറഞ്ഞ പരാമര്‍ശത്തില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു.

അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ എം. രാധാകൃഷ്ണന്‍ തയാറാവുന്നില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും യൂണിയന്‍ അറിയിച്ചു. നിയമനടപടി തേടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരി 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന ദേശീയ വനിത ജേര്‍ണലിസ്റ്റ് കോണ്‍ക്ലേവിനെയും വനിതാ മാധ്യമപ്രവര്‍ത്തകരെയും അധിക്ഷേപിച്ച് ഇന്നലെ (വെളളി)യാണ് എം. രാധാകൃഷ്ണന്‍ പ്രതികരിച്ചത്.

തിരുവനന്തപുരത്ത് നടക്കുന്നത് വിവാഹമോചിതരായ സ്ത്രീകളുടെ കോണ്‍ക്ലേവാണെന്നും തിന്നാനും കുടിക്കാനും മാത്രമായി പ്രസ് ക്ലബിനെ ഉപയോഗിച്ച ചിലരുടെ ഭാര്യമാരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നുമായിരുന്നു എം. രാധാകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം. പ്രസ് ക്ലബ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് രാധകൃഷ്ണന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

വനിതാ കോണ്‍ക്ലേവില്‍ മാധ്യമപ്രവര്‍ത്തക സരസ്വതി നാഗരാജന്‍ എം. രാധാകൃഷ്ണനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സദസിലിരിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ പോരാട്ടം തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ നയിക്കുന്ന ജെന്‍ഡര്‍ ക്രിമിനലിനെതിരെയാണെന്നാണ് സരസ്വതി നാഗരാജന്‍ പറഞ്ഞത്.

എം. രാധാകൃഷ്ണനെതിരെ രണ്ട് പീഡന കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതുകൂടാതെ സെക്രട്ടറിക്കെതിരെ മറ്റ് ചില കേസുകളുണ്ടെന്നും സരസ്വതി പറഞ്ഞിരുന്നു. പുരുഷാധിപത്യ മനോഭാവമുള്ള മാധ്യമപ്രവര്‍ത്തകരാണ് എം. രാധാകൃഷ്ണനെ പിന്തുണക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വോട്ടുകളോടെ വിജയിപ്പിച്ചതെന്നും സരസ്വതി പ്രതികരിച്ചിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തക റാണ അയൂബിന്റെ സാന്നിധ്യത്തിലായിരുന്നു സരസ്വതിയുടെ വിമര്‍ശനം.

ജെന്‍ഡര്‍ ക്രിമിനലിനെതിരെയാണ് വനിതാ മാധ്യമപ്രവര്‍ത്തകരുടെ പോരാട്ടമെന്ന സരസ്വതിയുടെ പരാമര്‍ശത്തില്‍ റാണ ഇരുകൈകളും ഉയര്‍ത്തി കൈയടിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കോണ്‍ക്ലേവിനെ അധിക്ഷേപിച്ച് എം. രാധാകൃഷ്ണന്‍ രംഗത്തെത്തിയത്.

തെഹല്‍ക്കയില്‍ ജോലി ചെയ്തിരുന്ന റാണ അയൂബ് നിലവില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ്. 2013ലാണ് തെഹല്‍ക്കയില്‍ നിന്ന് റാണ രാജിവെച്ചത്. തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഉള്‍പ്പെട്ട ഒരു ലൈംഗികാതിക്രമ ആരോപണം സ്ഥാപനം കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ചായിരുന്നു റാണയുടെ രാജി തീരുമാനം.

Content Highlight: Abusive statement of women journalists; KUWJ said that if M. Radhakrishnan does not apologize, legal action will be taken

Video Stories