കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെതിരെ അധിക്ഷേപ സ്പൂഫ് വീഡിയോ. എക്സില്‍ പങ്കുവെച്ച മീമിലൂടെയാണ് അധിക്ഷേപം. നിലവില്‍ സമൂഹ മാധ്യമങ്ങള്‍ ഈ മീം ചര്‍ച്ചയാക്കിയിരിക്കുകയാണ്.
അധിക്ഷേപ പ്രചരണത്തിനെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. മീം പ്രചരിപ്പിച്ചവരുടെ പേരും താമസസ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് കൊല്‍ക്കത്ത പൊലീസിന്റെ നിര്‍ദേശം. അല്ലാത്തപക്ഷം മീം പ്രചരിപ്പിച്ചവരും നിര്‍മിച്ചവരും നിയമനടപടിക്ക് വിധേയമാകുമെന്ന് പൊലീസ് അറിയിച്ചു.
മമത ബാനര്‍ജി ഒരു പാട്ടിന് നൃത്തം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയാവുകയും 400ലധികം റീട്വീറ്റുകള്‍ നേടുകയും ചെയ്തു. എന്നാല്‍ ഈ സ്പൂഫ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉടനെ ഡീലീറ്റ് ചെയ്യണമെന്നും പൊലീസ് നിര്‍ദേശമുണ്ട്.
അതേസമയം ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തില്‍ പ്രചരിക്കുന്ന മീമുകള്‍ അടക്കമുള്ളവ കൊല്‍ക്കത്ത പൊലീസ് പൂഴ്ത്തിവെക്കാറാണ് പതിവെന്ന് വിമര്‍ശകര്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടക്കുന്നതെങ്കില്‍ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് കേസെടുത്തിട്ടുണ്ടാവുമെന്നും ഉപഭോക്താക്കള്‍ എക്സില്‍ ചൂണ്ടിക്കാട്ടി.
ആര്‍.എസ്.എസ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളാണ് മീം പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും വിമര്‍ശനമുണ്ട്.
2022ല്‍ മമത ബാനര്‍ജിക്കെതിരെ മീമുകള്‍ നിര്‍മിച്ചതിന് നാദിയ ജില്ലയില്‍ നിന്ന് 29 കാരനായ ഒരു യൂട്യൂബര്‍ അറസ്റ്റിലായിരുന്നു. 2019ല്‍ മമതയുടെ മോര്‍ഫ് ചെയ്ത ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പി യുവജനവിഭാഗം അംഗവും അറസ്റ്റിലായിരുന്നു.
2012ല്‍ കൊല്‍ക്കത്തയിലെ പ്രീമിയര്‍ ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫസറായ അംബികേശ് മഹാപാത്രയെ സമാനമായ കേസില്‍ പൊലീസ് പിടികൂടിയിരുന്നു.
Content Highlight: Abusive spoof video against Mamata Banerjee