തിരുവന്തപുരം: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെതിരെ വനിതാ കമ്മീഷനില്‍ പരാതി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖാണ് പരാതി നല്‍കിയത്.
കോഴിക്കോട് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് നടന്ന പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെതിരെ ശനിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തത്.
മാഹി വേശ്യകളുടെ വലിയ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളുടെയും റൗഡികളുടെയും കുത്തകയായിരുന്നു എന്നുമാണ് ജോര്‍ജിന്റെ പരാമര്‍ശം. പ്രസംഗം വിവാദമായതോടെ മാപ്പ് പറഞ്ഞ് പി.സി. ജോർജ് രംഗത്തെത്തിയിരുന്നു. മാഹിയിലെ ഗതാഗതത്തിന്റെ കാര്യമാണ് താൻ പറഞ്ഞതെന്നും ദേശീയ പാതയുടെ വികസനത്തോടെ അതൊക്കെ മാറി മാഹി കൂടുതൽ സുന്ദരമായെന്നാണ് ഉദ്ദേശിച്ചതെന്നും പി.സി. ജോർജ് പറഞ്ഞു. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും പി.സി കൂട്ടിച്ചേർത്തു.
മാഹിയുമായി ഒരു ബന്ധവും ഇല്ലാതെ എന്തൊക്കെയോ പറയുന്ന പി.സി ജോര്‍ജിനെ പോലുള്ളവരെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നാണ് മാഹി എം.എല്‍.എ രമേശ് പറമ്പത്ത് പറഞ്ഞത്. വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ജനങ്ങളെക്കുറിച്ച് മോശമായി പരാമര്‍ശിച്ച ജോര്‍ജിനെ പോലുള്ളവരെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Abusive speech against women in Mahi; Complaint against P.C. George to Women’s Commission