കോഴിക്കോട്: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ജസ്റ്റിസ് കെമാല്‍ പാഷ. അധിക്ഷേപ പരാമര്‍ശത്തിനെതിരെ കെ.കെ. ശൈലജ നല്‍കിയ വക്കീല്‍ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് ജസ്റ്റിസ് കെമാല്‍ പാഷയും അധിക്ഷേപ പരമാര്‍ശം പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ ചാനലും ഖേദപ്രകടനം നടത്തിയത്.
നോട്ടീസ് ലഭിച്ച ഉടന്‍ തന്നെ അധിക്ഷേപ ഉള്ളടക്കമുള്ള വീഡിയോ പിന്‍വലിച്ചിരുന്നതായും സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും ചാനല്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
‘കെ.കെ. ശൈലജ പുലിവാല്‍ പിടിക്കും, ഷാഫി പറമ്പിലിന് ലക്ഷ്യംവെച്ചത് തിരിച്ചടിച്ചു’ എന്ന തലക്കെട്ടില്‍ ദി പ്രൈം വിറ്റ്നസ് എന്ന യൂട്യൂബ് ചാനലില്‍ ഏപ്രില്‍ 23ന് പ്രസിദ്ധീകരിച്ച വീഡിയോക്കെതിരെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നോട്ടീസ് അയച്ചിരുന്നത്. ഈ നോട്ടീസിനുള്ള മറുപടിയിലാണ് ചാനലും കെമാല്‍ പാഷയും മാപ്പ് പറഞ്ഞിരിക്കുന്നു.
വീഡിയോയുടെ തലക്കെട്ട് താന്‍ പറഞ്ഞതല്ല എന്നും യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്നും കെമാല്‍ പാഷ ഖേദപ്രകടനത്തില്‍ പറയുന്നു. താന്‍ നടത്തിയ പ്രതികരണം കാരണം കെ.കെ. ശൈലജക്ക് മനോവേദന ഉണ്ടായെങ്കില്‍ അതില്‍ വിഷമമുണ്ടെന്നും കെമാല്‍ പാഷ പറഞ്ഞു.
അധിക്ഷേപ ഉള്ളടക്കമുള്ള വീഡിയോ കെ.കെ. ശൈലജയുടെ വാര്‍ത്ത സമ്മേളനം മുഴുവന്‍ കാണാതെയും വിവിധ സ്റ്റേഷനുകളില്‍ കെ.കെ. ശൈലജയെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പരിശോധിക്കാതെയുമാണ് ചെയ്തിട്ടുള്ളതെന്നും നോട്ടീസിലുണ്ടായിരുന്നു.
കെ.കെ ശൈലജക്കെതിരെ വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത് ചിത്രങ്ങളും അശ്ലീല ചുവയുള്ള കമന്റുകളും പ്രചരിപ്പിച്ചതിന് വിവിധ സ്റ്റേഷനകളില്‍ നിരവധി പേര്‍ക്കെതിരെ കേസുകളുണ്ട്. ഈ വസ്തുതകള്‍ പരിശോധിക്കാതെയാണ് മുന്‍ ന്യായാധിപന്റെ പ്രസ്താവന. ഇത്തരം പ്രസ്താവനയില്‍ ജസ്റ്റിസ് കെമാല്‍ പാഷയും പങ്കുചേര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.
ഇത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിനെ ഇത്തരം പ്രസ്താവനകള്‍ സ്വാധീനിക്കുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. വസ്തുതാവിരുദ്ധ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നുമായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.
content highlights: Abusive remarks against KK Shailaja; Justice Kemal Pasha apologized