തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ 24 ന്യൂസ് റിപ്പോര്‍ട്ടറായ സഹിന്‍ ആന്റണിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപ പരാമര്‍ശം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിച്ച് എഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ന്യൂസ് അവര്‍ അവതാരകന്‍ വിനു വി. ജോണ്‍.
ശനിയാഴ്ചത്തെ ന്യൂസ് അവര്‍ ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പായിരുന്നു വിനുവിന്റെ ഖേദപ്രകടനം. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനൊപ്പം സഹിന്‍ ആന്റണിയും ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ സഹിന്‍ ആന്റണിയ്ക്കും കുടുംബത്തിനുമെതിരെ അധിക്ഷേപകരമായ പരാമര്‍ശം പാനലിസ്റ്റായ റോയ് മാത്യു നടത്തിയിരുന്നു.
എന്നാല്‍ ഇത് എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായമോ അല്ലെന്നും പരാമര്‍ശം നടത്തിയപ്പോള്‍ തന്നെ തിരുത്തിയിരുന്നെന്നുമാണ് വിനു വി. ജോണ്‍ പറഞ്ഞത്. എങ്കിലും ഇങ്ങനെ ഒരു പരാമര്‍ശം ഉണ്ടായത് ഖേദകരമാണ്. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നെന്നുമായിരുന്നു വിനു വി. ജോണ്‍ പറഞ്ഞത്.
‘ഇന്നലെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെടുത്തി ഒരു അതിഥി നടത്തിയ പരാമര്‍ശങ്ങള്‍ എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായങ്ങളോ അല്ല. ഈ അഭിപ്രായം നടത്തിയപ്പോള്‍ തന്നെ അവതാരകന്‍ എന്ന നിലയില്‍ അങ്ങനെ പറയരുതെന്ന് ഞാന്‍ തിരുത്തിയിരുന്നു. എങ്കിലും ഇങ്ങനെ ഒരു പരാമര്‍ശം ഉണ്ടായത് ഖേദകരമാണ്. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു.’ – എന്നായിരുന്നു വിനുവിന്റെ ഖേദപ്രകടനം.
നേരത്തെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തിയിരുന്നു. പരാമര്‍ശം നാക്ക് പിഴയായിരുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നുമായിരുന്നു റോയ് മാത്യു പറഞ്ഞത്.
അതേസമയം സംഭവത്തില്‍ റോയ് മാത്യുവിനെതിരെയും വിനു വി. ജോണിനെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സഹിന്‍ ആന്റണിയുടെ ഭാര്യ അഡ്വ. മനീഷ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
അഭിഭാഷകയെന്ന നിലയില്‍ പരാതിയുമായി ഏതറ്റം വരെയും പോകുമെന്നും, ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും മനീഷ ട്വന്റി ഫോര്‍ ന്യൂസിനോട് പറഞ്ഞിരുന്നു.
‘കുറേ ദിവസങ്ങളായി എന്റെ മകളുടെ പിറന്നാള്‍ ആഘോഷം എന്ന പേരില്‍ ഒരു ദൃശ്യം പ്രചരിക്കുന്നു. എന്നാല്‍ അത് എന്റെ മകളുടെ പിറന്നാള്‍ ആഘോഷമല്ല. പ്രവാസി മലയാളി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ആന്വല്‍ മീറ്റ് ജനുവരിയില്‍ ബോള്‍ഗാട്ടിയില്‍ വച്ച് സംഘടിപ്പിച്ചിരുന്നു. എന്റെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ സഹിന്‍ ആന്റണിയെ ആദരിക്കുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്,’ മനീഷ പറയുന്നു.
ആ ദിവസം സഹിന്‍ ആന്റണിയുടെ പിറന്നാള്‍ കൂടിയായിരുന്നു. ചടങ്ങിന്റെ അവതാരക അപ്രതീക്ഷിതമായി പിറന്നാളിന്റെ കാര്യം സ്റ്റേജില്‍ അനൗണ്‍സ് ചെയ്യുകയും, സഹിന്റെ പിറന്നാള്‍ അവിടെ വച്ച് ആഘോഷിക്കാന്‍ പോവുകയാണെന്നും അനൗണ്‍സ് ചെയ്തു.
അങ്ങനെയാണ് അവിടെ വച്ച് കേക്ക് മുറിക്കുന്നത്. വേദിയില്‍ കേക്ക് കണ്ടപ്പോള്‍ തങ്ങളുടെ മകള്‍ അവിടേക്ക് ഓടിക്കയറുകയായിരുന്നുവെന്നും മനീഷ കൂട്ടിച്ചേര്‍ത്തു.
തന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷമെന്ന നിലയില്‍ കുട്ടിയുടെ മുഖം വ്യക്തമാകുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയെല്ലാം ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസില്‍ പരാതി നല്‍കിയെന്നും മനീഷ പറഞ്ഞു.
ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും പരാതി നല്‍കുമെന്നും മനീഷ പറഞ്ഞിരുന്നു.