| Friday, 20th October 2017, 10:12 am

സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഹൗസ്‌ബോട്ടില്‍ സഞ്ചരിച്ചതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റായ യുവതിയെ വ്യക്തിഹത്യ നടത്തി പ്രചരണം: പിന്നില്‍ സി.പി.ഐ.എമ്മെന്ന് മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മമ്പാട്: സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആലപ്പുഴ പുന്നമടക്കായലില്‍ ബോട്ടുയാത്ര നടത്തിയതിന്റെ പേരില്‍ മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ മുസ്‌ലിം ലീഗിലെ വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരണം. സി.പി.ഐ.എം സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജു വഴിയാണ് വനിതാ നേതാവിനെ വ്യക്തിഹത്യ നടത്തുന്നതരത്തില്‍ പ്രചരണം നടക്കുന്നത്.

ബോട്ടുയാത്രയുടെ ചിത്രങ്ങള്‍ക്കൊപ്പം വളരെ മോശമായ അടിക്കുറിപ്പുകളിട്ടും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് പ്രചരണം നടക്കുന്നത്. വനിതാ നേതാവിനെതിരായ അധിക്ഷേപം വ്യാപകമായതോടെ വിശദീകരണവുമായി മുസ്‌ലിം ലീഗ് മമ്പാട് പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. പ്രചരണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ലീഗ് വ്യക്തമാക്കി.


Also Read: ഫേസ്ബുക്കില്‍ ഫോട്ടോയിടുന്നതിനെതിരെ ഫത്‌വ ഇറക്കി ദയൂബന്ദ്


അപമാനഭാരം മൂലം പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളോടു പറഞ്ഞു. തനിക്കെതിരെ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

കയര്‍ കേരള പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഹൗസ് ബോട്ടില്‍ കയറിയിരുന്നു. ഇതിന്റെ ഫോട്ടോകള്‍ സംഘത്തിലുള്ളവര്‍ കോണ്‍ഗ്രസ് ഗ്രൂപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ഈ ഫോട്ടോ വാട്‌സ്ആപ്പും ഫേസ്ബുക്കും വഴി മോശമായ രീതിയില്‍ പ്രചരിച്ചു തുടങ്ങിയതെന്നാണ് മുസ്‌ലിം ലീഗ് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നത്.

“പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കബീര്‍ കാട്ടുണ്ട, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷമീന കാഞ്ഞിരമാല, മെമ്പര്‍ നാസര്‍, ഓവര്‍സിയര്‍ ഗണേഷന്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ സംസ്ഥാന ഗവ: നടപ്പിലാക്കുന്ന കയര്‍ കേരള പദ്ധതിയുമായി തൊഴിലുറപ്പ് പദ്ധതി എഗ്രിമെന്റ് വെക്കുന്നതിന് വേണ്ടി ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കുകയും, പരിപാടിയ്ക്കു ശേഷം ആലപ്പുഴ പുന്നമടക്കായല്‍ സന്ദര്‍ശിക്കുകയും ഹൗസ് ബോട്ടില്‍ കയറുകയും ചെയ്തു എന്നുള്ളത് സത്യമാണ്.

കബീര്‍ ബോട്ട് ഓടിക്കുന്ന ഫോട്ടോ എടുക്കുന്ന സമയത്ത് അറിയാതെ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് ഫോണ്‍ നമ്പര്‍ അടിച്ച് കൊണ്ടിരിക്കെ ആ ഫോട്ടോയില്‍ ഉള്‍പ്പെട്ടതും ശരിയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ തൊട്ട് ബാക്കിലായി വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെ യര്‍പേഴ്‌സനേയും സൂക്ഷിച്ച് നോക്കിയാല്‍ കാണാവുന്നതാണ് , ഈ ഫോട്ടോ കബീര്‍ കോണ്‍ഗ്രസ് ഗ്രൂപ്പിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തു, അതിന് ശേഷം ഈ ഫോട്ടോസുകള്‍ വെച്ച് വാട്‌സ് ആപ്പിലും ഫേസ് ബുക്കിലും വളരെ മോശമായ രീതിയില്‍ അടി കുറിപ്പുകളിട്ട് ദുരുപയോഗം ചെയ്യുകയുണ്ടായി.” വിശദീകരണ കുറിപ്പില്‍ പറയുന്നു.

ബോട്ടുയാത്രയുടെ ചിത്രത്തിനൊപ്പം ചില മോര്‍ഫു ചെയ്ത ചിത്രങ്ങളും പ്രസിഡന്റിനെതിരെ പ്രചരിപ്പിച്ചതായി ലീഗ് ആരോപിക്കുന്നു.
“ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റേയും വൈസ്. പ്രസിഡന്റിന്റെയും ആത്മാഭിമാനത്തേയും കുടുബ ജീവിതത്തേയും തകര്‍ക്കുന്ന രീതിയിലുള്ള നിലപാടുകളാണ് അവരുടെ ഗ്രൂപ്പില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വിദേശങ്ങളില്‍ ഹൗസ് ബോട്ടില്‍ നിന്നെടുത്ത ഫോട്ടോസുകള്‍ രണ്ട് ഭാഗത്തും പ്രദര്‍ശിപ്പിച്ച് ഏതോ ഒരു അജ്ഞാത യുവതിയുടെ നഗ്‌ന ഫോട്ടോസുകള്‍ വ്യാപകമായി പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ” എന്നും ലീഗ് ആരോപിക്കുന്നു.

ഇത്തരം പ്രചരണങ്ങള്‍ പൊതുപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുന്ന അവസ്ഥയിലേക്ക് പ്രസിഡന്റിനെ എത്തിച്ചെന്നും കൗണ്‍സിലിങ്ങിനുശേഷമാണ് അവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതെന്നും പ്രാദേശിക ലീഗ് നേതാക്കള്‍ പറയുന്നു.

അതേസമയം പ്രചരണത്തിനു പിന്നില്‍ സി.പി.ഐ.എം ആണെന്ന ആരോപണം സി.പി.ഐ.എം മമ്പാട് ലോക്കല്‍ കമ്മിറ്റി നിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റായ വനിതാ നേതാവിനെ വ്യക്തിഹത്യ നടത്തുന്നതില്‍ സി.പി.ഐ.എമ്മിനോ അതിന്റെ പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കുമില്ലെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്.

രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്തുന്നതിനോട് സി.പി.ഐ.എം യോജിക്കുന്നില്ലെന്നും സംസ്‌കാരശൂന്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ലീഗ് നേതാക്കള്‍ പ്രഖ്യാപിച്ച നിയമനടപടി വിജയം കാണട്ടെ എന്നാശംസിക്കുന്നതായും സി.പി.ഐ.എം പ്രസ്താവനയില്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more