| Saturday, 23rd March 2024, 7:35 pm

മലയാള സിനിമയിൽ ആഘോഷിക്കപ്പെടുന്ന സത്യഭാമ ഡയലോഗുകൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആർ.എൽ.വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയുടെ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടികൊണ്ടിരിക്കുകയാണ്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷന്മാർക്ക് നല്ല സൗന്ദര്യം വേണം എന്നുമാണ് സത്യഭാമ പറഞ്ഞിരുന്നത്.

എന്നാൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ മലയാളത്തിലെ പല പ്രധാന സിനിമകളിലും ഉയർന്നുവന്നിട്ടുണ്ട്. സത്യഭാമയുടെ പരാമർശത്തിന് പിന്നാലെ മലയാള സിനിമയിൽ ഉപയോഗിച്ച ഇത്തരം അധിക്ഷേപ ഡയലോഗുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ബോഡി ഷെമിങ് കണ്ടെന്റുകളും അധിക്ഷേപ ഡയലോഗുകളും പ്രേക്ഷകർ കൂടുതൽ കാണുന്നത് ദിലീപിന്റെ സിനിമകളിലാണ്. അതിനെ ഊട്ടിയുറപ്പിക്കുന്നതാണ് ലാൽ ജോസ് സംവിധാനം ചെയ്ത രസികനിലെ ദിലീപ് തന്റെ അമ്മാവന്റെ മകളെ കുറിച്ച് പറയുന്നത്.

‘നീ അവളെ മാറി നിന്ന് ഒന്ന് നോക്ക്, എന്റെ മാമന്റെ മോളായതുകൊണ്ട് പൊക്കി പറയുകയല്ല. മത്തങ്ങ പോലത്തെ ഒരു മോന്ത, രണ്ടു ഉണ്ടക്കണ്ണ്, പേരിനൊരു മൂക്ക്. മത്തങ്ങ അല്ലെന്ന് അറിയിക്കാൻ കുറെ മുടി. കൊടിമരം പോലൊരു പെണ്ണ്. ചൊറിയണം തേച്ചൊരു തന്തയും’, എന്നായിരുന്നു ആ വാക്കുകൾ.

അതുപോലെ അമൽ നീരദിന്റെ ചിത്രങ്ങളിൽ പോലും ഇത്തരം അധിക്ഷേപ ഡയലോഗുകൾ കാണാൻ സാധിക്കുന്നുണ്ടെന്നാണ് ഏറെ കൗതുകം ഉണർത്തുന്നത്.

ബിഗ് ബിയിൽ അധിക്ഷേപ ഡയലോഗുകൾ ഉണ്ടെന്ന് മുൻപേ പറഞ്ഞിരുന്നു, എന്നാൽ വില്ലന്മാർ അത്തരം ഭാഷകൾ ഉപയോഗിക്കും എന്ന് പറഞ്ഞ് അതിനെ അടിച്ചമർത്തിയിരുന്നു. എന്നാൽ ഇപ്പോൾ റഹ്മാൻ വിനായകന്റെ നിറത്തിനെ കുറിച്ച് പരാമർശിച്ച ബാച്ചിലർ പാർട്ടിയിലെ വാക്കുകളിൽ നിന്നും അമൽ നീരദിന്റെ ഉള്ളിലെ സത്യഭാമയെ നമുക്ക് കാണാൻ സാധിക്കും.

‘ജീവിതത്തിൽ എന്തെങ്കിലും ഒരു ലക്ഷ്യം വേണം, നിനക്ക് അതൊന്നും ഇല്ലാത്തതിന്റെ കുഴപ്പമാടാ, നീയിങ്ങനെ കറുത്ത് കരിമന്തി പോലെ ഇരിക്കുന്നത്’ എന്നായിരുന്നു റഹ്മാൻ്റെ കഥാപാത്രം വിനായകനെ നോക്കി പറഞ്ഞത്.

അതുപോലെ മലയാളികൾക്ക് ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് അബ്രിദ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗാണ്. ‘നിനക്ക് രണ്ടു കാര്യത്തിനാണ് തല്ല് തരേണ്ടത്. ഒന്ന് ആ സ്ത്രീയെ പരസ്യമായി നീ കരണത്ത് അടിച്ചു. രണ്ട് ഇതേപോലെ ഒരു സാധനത്തിനെ പ്രേമിച്ചു,’ എന്ന് നിവിന്റെ കഥാപാത്രം പരസ്യമായി പറഞ്ഞു. എന്നാൽ അത് പറയുന്നത് സമൂഹത്തിലെ നിയമങ്ങൾ പരിപാലിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തിലെ ഇത്തരം കണ്ടെന്റുകൾ നമുക്ക് കാണാൻ കഴിയും. ‘അടുത്തതായി നമ്മുടെ എല്ലാം പ്രിയങ്കരനായ നേതാവ് സഖാവ് വെള്ളകുണ്ടിൽ ദിനേശനെ രണ്ട് വാക്ക് സംസാരിക്കാൻ ക്ഷണിക്കുന്നു എന്ന് ബേസിലിന്റെ കഥാപാത്രം പറയുമ്പോൾ ‘വെള്ളകുണ്ടിൽ ഇവനോ’ എന്ന് അജു കളിയാക്കി ചോദിക്കുന്നുണ്ട്.

അതുപോലെ റാഫി സംവിധാനം ചെയ്ത ചതിക്കാത്ത ചന്തുവിൽ നവ്യ പ്രേതമാണെന്ന് പറഞ്ഞ് പേടിപ്പിക്കുമ്പോൾ അയാൾ വിനകനെ കണ്ടിട്ട് പേടിച്ച് നിലവിളിക്കുന്നുണ്ട്. അതിൽ നിന്നെല്ലാം ബോഡി ഷെമിങ് കണ്ടെന്റുകൾ കാണാൻ സാധിക്കും.

ലാൽ സംവിധാനം ചെയ്‌തെ കോബ്രയിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ കാണാൻ കഴിയും. പെണ്ണ് കാണാൻ പോയി ശരിയാവാതെ വന്ന ലാലിനെ നോക്കി സലീംകുമാർ പറയുന്ന ഡയലോഗിൽ ബോഡി ഷെയിമിങ് ഡയലോഗ് കാണാൻ കഴിയും.

‘അതേ കരി സാറെ, ഇങ്ങനെ വിഷമിച്ചാൽ എങ്ങനെയാണ്. ഇത് ലോകത്തെ അവസാനത്തെ പെണ്ണൊന്നും അല്ലല്ലോ? സംഭവം ശരിയാണ് സാർ സ്വല്പം കരിഞ്ഞുപോയി, എന്ന് വെച്ച് ഏതെങ്കിലും ഒരു കൂതറ പെണ്ണിനെ സാറിന് കിട്ടാതിരിക്കോ,’ എന്നാണ് സലീംകുമാർ പറയുന്നത്.

ഇതുപോലെ നിരവധി സിനിമകളിലാണ് തമാശ എന്ന ലേബലിൽ ജാതീയ അധിക്ഷേപം തുറന്നു പറയുന്നത്. തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ബോഡി ഷെമിങ് കണ്ടെന്റുകൾ കുത്തികയറ്റുന്നത്. മറ്റൊരു വ്യക്തിയെ അധിക്ഷേപിച്ചുകൊണ്ടല്ല ഹാസ്യങ്ങൾ നിര്‍മിക്കേണ്ടതെന്ന് തിരക്കഥാകൃത്തുക്കൾ മനസിലാക്കിയാൽ നന്നാവും.

Content Highlight: Abusive dialogues used in Malayalam cinema

We use cookies to give you the best possible experience. Learn more