| Monday, 21st February 2022, 1:23 pm

ഒരു ലുക്കില്ലല്ലോ ലുക്മാനേ, നിലവിളക്കിനടുത്ത് കരിവിളക്ക് വെച്ചതുപോലെ, നടന്‍ എന്നത് വീട്ടുപേരാണോ; ലുക്ക്മാന്റെ വിവാഹഫോട്ടോയ്ക്ക് താഴെ അധിക്ഷേപ കമന്റുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവ നടന്‍മാരില്‍ ശ്രദ്ധേയനായ താരമാണ് ലുക്മാന്‍. കെ.എല്‍ 10 പത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ലുക്മാന് ചുരുങ്ങിയ കാലംകൊണ്ട് തന്നെ മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കാനാന്‍ സാധിച്ചിട്ടുണ്ട്.

ആറാട്ട്, ഓപ്പറേഷന്‍ ജാവ, സുഡാനി ഫ്രം നൈജീരിയ, അജഗജാന്തരം, ഉണ്ട, വൈറസ്, ഗോദ, ഉദാഹരണം സുജാത, കക്ഷി അമ്മിണിപ്പിള്ള തുടങ്ങി നിരവധി ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൂടെ എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ലുക്മാന്‍.

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. എന്നാല്‍ താരത്തിന്റെ വിവാഹഫോട്ടോയ്ക്ക് താഴെ അധിക്ഷേപകമന്റുകളായി എത്തിയിരിക്കുയാണ് ചിലര്‍.

കരിവിളക്കിന് സമീപം നിലവിളക്ക് വെച്ചതുപോലെയുണ്ടെന്നും ഇവനൊക്കെ ഏത് നടനാണെന്നും നടന്‍ എന്നത് വീട്ടുപേരാണോ എന്നൊക്കെ ചോദിച്ചായിരുന്നു ചിലരുടെ കമന്റുകള്‍.

പടത്തിന്റെ പേര് കൂടി പറഞ്ഞാല്‍ ഒഴിവുള്ളപ്പോള്‍ നോക്കാമായിരുന്നു എന്നും കാര്യമായ വാര്‍ത്തകള്‍ ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഇവരുടെയൊക്കെ വിവാഹം വാര്‍ത്തയാകുന്നത് എന്നൊക്കെയാണ് കമന്റുകള്‍. ഇവന്‍ ലുക്ക് മാന്‍ അല്ല ചീപ്പ് മാന്‍ ആണെന്ന് പറഞ്ഞും ചിലര്‍ അധിക്ഷേപിക്കുന്നുണ്ട്.

അതേസമയം ഇത്തരം കമന്റിടുന്നവരുടെ വായടപ്പിച്ചുള്ള മറുപടിയും ചിലര്‍ നല്‍കുന്നുണ്ട്. വലിയ പിന്തുണയാണ് ലുക്മാന് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.

‘ഇവന്‍ നടനാണോ ഏത് സിനിമായില്‍ ആണ് ഉള്ളത് എന്ന് ചോദിക്കുന്നവരോട്, ഒന്നുകില്‍ നിങ്ങള്‍ സെലക്ടീവായി സിനിമ കാണുന്നവര്‍ അല്ലെങ്കില്‍ സിനിമ കാണാത്തവര്‍. അല്ലങ്കില്‍ അറിഞ്ഞിട്ടും അറിയാത്ത പോലെ നമ്മളന്തോ സംഭവമാണെന്ന് കരുതുന്നവര്‍. ഇതൊക്കെ വെറും അലമ്പാണ്.

ഇനി സത്യസന്ധമായി അറിയാത്തവര്‍ക്ക് വേണ്ടി, ഓപ്പറേഷന്‍ ജാവ എന്ന സൂപ്പര്‍ ഹിറ്റ് മൂവിയിലെ ഒരു പ്രധാന കഥാപാത്രം. മമ്മൂട്ടിയുടെ ‘ഉണ്ട’ സിനിമയില്‍ നല്ലയൊരു കഥാപാത്രം, സുഡാനി ഫ്രം നൈജീരിയയിലും ടോവിനോടെ ‘ഗോദ’യിലും ആഷിക് അബുവിന്റെ’വൈറസിലും ഏറ്റവും ഒടുവില്‍ ദേ ഇപ്പോള്‍ ലാലേട്ടനെപ്പം ‘ആറാട്ടി’ലുമുണ്ട്. ഇതൊക്കെ പോരെ, എന്നായിരുന്നു ഒരു കമന്റ്.

സിനിമ കാണാത്ത കൊറേ അമ്മവന്മാര്‍ പുള്ളി ഏതാണെന്ന് ചോദിച്ചു കളിയാക്കുന്നത് കണ്ടെന്നും. നിലവില്‍ ഉള്ളതില്‍ നല്ല അഭിനയം കാഴ്ചവെക്കുന്ന ഒരു നടനാണ് ലുക്മാന്‍ എന്നുമായിരുന്നു മറ്റൊരു കമന്റ്.

‘ എന്ത് ചൊറിച്ചിലാണ്.. നിങ്ങളൊക്കെ അയാളുടെ പടം കാണാത്തത് കൊണ്ട് അയാള്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്നു പറയാന്‍ പറ്റുമോ? നടന് ലുക്ക് വേണന്നുള്ള കാലം ഒക്കെ കഴിഞ്ഞു ഉവ്വെ.. ലുക്ക് ഉള്ളവര്‍ മാത്രം അല്ലല്ലോ പടം കാണാന്‍ പോവുന്നത്. ലുക്ക് ഇല്ലാത്തവര്‍ക്കും കാണണ്ടേ’

മണി ചേട്ടനും കൊച്ചിന്‍ ഹനീഫ് ഇക്കയും കറുത്തിട്ടായിരുന്നു, സാക്ഷാല്‍ രജനികാന്ത് അണ്ണന്‍ കറുത്തിട്ടാണ്. തന്റെ 30 വയസ്സിനിടയില്‍ 20 ഓളം സിനിമകളില്‍ സഹ നടനയായിട്ട് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ ലുക്ക്മാന്‍ ഇനിയും വളരും എന്ന് പ്രതീക്ഷിക്കാം.
നിറത്തിന്റെ പേരിലുള്ള ഈ കളിയാക്കല്‍ ശരിയല്ല. മലയാളികള്‍ക്ക് മാത്രമേ ഇങ്ങനെ ചൊറിച്ചില്‍ ഉള്ളു

നല്ലതിനെ അംഗീകരിക്കാന്‍ ആദ്യം പഠിക്കുക. കിട്ടിയ ചാന്‍സ് നല്ലപോലെ ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് വീണ്ടും റോള്‍ കിട്ടുന്നു. അസൂയ പൊട്ടി ഒലിച്ചിട്ട് കാര്യം ഇല്ല.

ചിലരുടെ ഭാവനയില്‍ നായകനായി അഭിനയിച്ചവര്‍ മാത്രമാണ് സിനിമാ നടന്‍മാര്‍ എന്നാണ്, അവര്‍ക്കിത്തിരി ഗ്ലാമറും വേണമെന്നാണ് വെപ്പ്. ലുക്മാന്റെ ഉണ്ടയിലെ പ്രകടനം പുള്ളി അഭിനയമികവുള്ള നല്ല നടനാണെന്നതിന് തെളിവാണ്. ആശംസകള്‍, എന്നിങ്ങനെയാണ് ലുക്ക്മാനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകള്‍.

Content Highlight: Abusive Comment Against Actor Lukman Avaran

We use cookies to give you the best possible experience. Learn more