ന്യൂദല്‍ഹി: അധിക്ഷേപിക്കണം എന്ന ഉദ്ദേശത്തോടെയല്ലാതെ ഒരാളെ വാക്കുതര്‍ക്കത്തിനിടയില്‍ ജാതിപ്പേര് വിളിക്കുന്നത് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഒഡീഷ ഹൈക്കോടതി. 2017ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് ആര്‍.കെ. പട്‌നായിക് ആണ് വിധി പ്രസ്താവിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം തന്നെ ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരനായ മറ്റൊരു വ്യക്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ആക്രമിക്കപ്പെട്ടയാളല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അധിക്ഷേപിക്കണമെന്ന മുന്‍കൂട്ടിയുള്ള ഉദ്ദേശത്തോടെയല്ലാതെ ജാതിപ്പേര് വിളിക്കുന്നത് നിയമപരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കി.
‘വാക്കുതര്‍ക്കത്തിനിടയിലോ, സംസാരത്തിനിടയില്‍ പെട്ടെന്നോ ഒരാളെ ജാതിപ്പേര് വിളിക്കുന്നത്, അയാളെ മനപ്പൂര്‍വ്വം അദ്ദേഹത്തിന്റെ ജാതി അടിസ്ഥാനത്തില്‍ അധിക്ഷേപിക്കണം എന്ന ഉദ്ദേശത്തോടെയല്ലാതെ ജാതിപ്പേര് വിളിക്കുന്നത്, എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്കെതിരായ ആതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി നിരീക്ഷിക്കുന്നു,’ കോടതി ഉത്തരവില്‍ പറയുന്നു.
Content Highlight: Abusing someone with caste name during argument won’t lead to SC/ST Act case: Orissa High Court