ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയിൽപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പിക്കുണ്ടായ തോൽവിക്ക് പിന്നാലെ അയോധ്യയിലെ ജനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണം ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ഫൈസാബാദ് എം.പി അവദേഷ് പ്രസാദ്. ദി വയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന് ശേഷം അയോധ്യയിലെ ജനങ്ങൾക്ക് നേരെ ഉയരുന്ന സൈബർ ആക്രമണം അവകാശ ലംഘനമാണ്. ഈ ആക്രമണത്തിനെതിരെ സർക്കാർ നടപടിയെടുക്കണം.
ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് അയോധ്യയിൽ നടന്നത്. ജനങ്ങളുടെ വോട്ടവകാശം മറ്റൊരാൾക്ക് നിശ്ചയിക്കാനാകില്ല അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമങ്ങൾ ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അയോധ്യയിലെ ജനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണം അവരുടെ വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇതിനെതിരെ സർക്കാർ തീർച്ചയായും നിയമനടപടികൾ സ്വീകരിക്കുന്നതാണ്. വോട്ടർമാർക്കെതിരെയുള്ള ആക്രമണം ഭരണഘടനയെയും ജനാധിപത്യത്തെയും നിന്ദിക്കുന്നതിന് തുല്യമാണ്. ഇത്തരം നടപടികളിൽ നിന്ന് ആളുകൾ പിന്മാറണം,’ അദ്ദേഹം പറഞ്ഞു.
അതോടൊപ്പം അയോധ്യയിൽ താൻ അത്ഭുതമൊന്നും കാണിച്ചില്ലെന്നും കാലങ്ങളായി അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ പ്രതികരണമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘അയോധ്യയിൽ ഞാൻ അത്ഭുതമൊന്നും കാണിച്ചിട്ടില്ല. കാലങ്ങളായി അടിച്ചമർത്തപ്പെട്ട ജനങ്ങൾ പ്രതികരിച്ചതാണ്. അയോധ്യയിലെ ജനങ്ങൾ ഭരണകൂടത്താൽ അടിച്ചമർത്തപ്പെട്ടവരാണ്. അവർ തീർച്ചയായും പ്രതികരിക്കും. ആ പ്രതികരണമാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ നാം കണ്ടത്,’ അദ്ദേഹം പറഞ്ഞു.
ഫൈസാബാദിൽ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടകളും രാഷ്ട്രീയവും തന്ത്രങ്ങളും തോറ്റെന്നും രാമക്ഷേത്രത്തിന്റെ പേരിൽ വോട്ടുകൾ നേടാൻ അവർക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം അയോധ്യയിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് വേണ്ടിയും കർഷകർക്ക് വേണ്ടിയും തൊഴിലില്ലായ്മക്കെതിരെയും താൻ പാർലമെന്റിൽ ശബ്ദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അയോധ്യയിലെ ജനങ്ങളുടെ വീടുകൾ പഴയ സർക്കാർ നശിപ്പിച്ചു. അവർക്ക് വേണ്ട വിധം നഷ്ടപരിഹാരം നൽകിയില്ല. ഇതിനെതിരെ ഞാൻ പ്രതികരിക്കുക തന്നെ ചെയ്യും. അതോടൊപ്പം കർഷകർക്ക് വേണ്ടിയും തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവതലമുറക്ക് വേണ്ടിയും ഞാൻ ശബ്ദമുയർത്തും,’ അദ്ദേഹം പറഞ്ഞു.
ജനറൽ സീറ്റിൽ മത്സരിച്ച തന്നെ വിജയിപ്പിച്ച ഫൈസാബാദിലെ ജനങ്ങളോട് കടപ്പാടുണ്ടെന്നും താനൊരു പട്ടികജാതി വിഭാഗക്കാരനാണെന്നും പാഴ്‌സിയാണ് തന്റെ സമുദായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരു പട്ടികജാതി വിഭാഗക്കാരനായ എന്നെ ജനറൽ സീറ്റിൽ മത്സരിപ്പിക്കാൻ തീരുമാനിച്ച അഖിലേഷ് യാദവിനും നന്ദിപറയുകയാണ്. മറ്റൊരു പാർട്ടിയും എന്നെപ്പോലൊരു സംവരണസ്ഥാനാർഥിയെ മത്സരിപ്പിക്കില്ലെന്നും എന്നാൽ അഖിലേഷ് യാദവിന്റെ പ്രത്യയശാസ്ത്രവും ആത്മവിശ്വാസവും വേറിട്ട് വേറിട്ട് നിൽക്കുന്നതാണ്,’ അദ്ദേഹം പറഞ്ഞു.
Content Highlight : Abusing Ayodhya’s Voters is Like a Slur on Voting Rights, Constitution: Faizabad MP Awadhesh Prasad