| Monday, 30th July 2018, 10:08 am

ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കൊല്ലം സ്വദേശി സിയാദ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹനാനെ അധിക്ഷേപിച്ച് ആദ്യം ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്ത വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ക്കിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ഹനാനെ അധിക്ഷേപിച്ച് അശ്ലീല കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെ കോടതി റിമാന്‍ഡ് ചെയതിരുന്നു. ഗുരുവായൂര്‍ പുന്നയൂര്‍ക്കുളം ചെറായി പൈനാട്ടയില്‍ വിശ്വനാഥന്‍ അശ്ലീലം കലര്‍ന്ന പരാമര്‍ശമുള്ള പോസ്റ്റാണ് ഫേസ്ബുക്കില്‍ ഇട്ടിരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കഴിഞ്ഞ ദിവസം ഇയാളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.


Read Also : സി.സി.ടി.വി സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുവാദം വേണമെന്ന് ഗവര്‍ണര്‍; ഉത്തരവ് പരസ്യമായി കീറിക്കളഞ്ഞ് കെജ്‌രിവാള്‍


റിമാന്‍ഡ് ചെയ്ത ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പെണ്‍കുട്ടിയെ അപമാനിച്ചതിനും, ഐടി ആക്ട് അനുസരിച്ചും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സമൂഹ മാധ്യമത്തിലൂടെ ആദ്യമായി വ്യാജ പ്രചരണം നടത്തിയത് നൂറുദ്ധീന്‍ ഷെയ്ഖ് എന്ന വയനാട് സ്വദേശിയാണെന്ന് ഹനാന്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇയാള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇയാളുടെ വീഡിയോയ്ക്കുതാഴെ മോശം കമന്റ് ഇട്ടവര്‍ക്കെതിരെയും വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ നേരത്തെ പറഞ്ഞിരുന്നു.

ഹനാനുനേരെ നടന്ന സൈബര്‍ ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെ പോസ്റ്റിട്ടവരില്‍ പലരും അവ പിന്‍വലിച്ചു. എന്നാല്‍, ഈ പോസ്റ്റുകളുടെയെല്ലാം തെളിവുകള്‍ പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അശ്ലീല പോസ്റ്റിട്ടവരെയാണ് പോലീസ് ആദ്യഘട്ടത്തില്‍ പിടികൂടുന്നത്. ഹനാനെ അധിക്ഷേപിക്കുന്ന പ്രചാരണത്തില്‍ പങ്കാളികളായ ഒട്ടേറെപേരുടെ വിവരം ഫേസ്ബുക്കിന്റെ സഹായത്തോടെ പോലീസ് ശേഖരിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും.

We use cookies to give you the best possible experience. Learn more