| Sunday, 20th October 2024, 3:21 pm

ഇഷ ഫൗണ്ടേഷനില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പരാതി നല്‍കി അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷനെതിരെ വീണ്ടും കേസ്. ഇഷ ഫൗണ്ടേഷന്റെ കോയമ്പത്തൂരിലെ സ്ഥാപനത്തില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി മധുരയിലെ അണ്ണാനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി അഭിഭാഷകന്‍. ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ജഗ്ഗി വാസുദേവ്, ബലാത്സംഗം ചെയ്തവര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനില്‍ വെച്ച്  ലൈംഗിക അതിക്രമത്തിന് ഇരയായതായി ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹൈദരബാദില്‍വെച്ച് പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകന്‍ പരാതി നല്‍കിയിരിക്കുന്നത്. വിഷയം ഗൗരവമേറിയതാണെന്നും പോക്‌സോ നിയമത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം നടന്നതായി അറിഞ്ഞാല്‍ ആര്‍ക്ക് വേണമെങ്കിലും പരാതിപ്പെടാമെന്നും അഭിഭാഷകന്‍ പറയുന്നു.

എസ്. വഞ്ചിനാഥന്‍ എന്ന അഭിഭാഷകനാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് നടപടി ഒന്നും ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് ഇഷ ഫൗണ്ടേഷനെതിരായി തമിഴ്‌നാട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇഷ ഫൗണ്ടേഷനില്‍ നിന്നും പതിനഞ്ച് വര്‍ഷത്തിനിടെ ആറ് പേരെ കാണാതായിട്ടുണ്ടെന്നാണ് തമിഴ്നാട് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ കെ.കാര്‍ത്തികേയന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.

ഫൗണ്ടേഷനില്‍ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും അവരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഷ ഫൗണ്ടേഷന്‍ പരിസരത്ത് ശ്മശാനമുള്ളതായും ഇവര്‍ കാലഹരണപ്പെട്ട മരുന്നുകള്‍ ഇഷ ഔട്ട് റീച്ച് ആശുപത്രിയില്‍ ഉള്ളവര്‍ക്ക് നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജഗ്ഗി വാസുദേവിനെതിരെ കോയമ്പത്തൂര്‍ പൊലീസ്, സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ മിക്കവയ്ക്കെതിരെയും പോക്സോ ഉള്‍പ്പെടെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി അന്വേഷണങ്ങള്‍ സ്ഥാപനത്തിനെതിരെ നടന്നതായും റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നുണ്ട്.

Content Highlight: abuse complaint filed against Isha foundation

We use cookies to give you the best possible experience. Learn more