| Friday, 4th September 2020, 10:10 am

രണ്ടുമാസമായി എല്ലാ ദിവസം ടിക്കറ്റെടുത്തു, ഒടുവില്‍ ലോക്ക്ഡൗണില്‍ ലോട്ടറി; 20 കോടി സ്വന്തമാക്കി പ്രവാസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ അപ്രതീക്ഷിതമായി കോടിപതിയായതിന്റെ ഞെട്ടലിലാണ് അബുദാബിയില്‍ കഴിയുന്ന പഞ്ചാബ് സ്വദേശിയായ ഗുര്‍പ്രീത് സിംഗ്‌. അബുദാബി ബിഗ് ടിക്കറ്റ് സീരിസിന്റെ നറുക്കെടുപ്പിലാണ് ഗുര്‍പ്രീത് സിംഗിന് ലോട്ടറിയടിച്ചത്. ബിഗ് സീരിസിന്റെ 219-ാമത് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത് ഗുര്‍പ്രീതിന്റെ 067757 എന്ന ടിക്കറ്റായിരുന്നു. 20 കോടിയിലേറെ രൂപയാണ് (10 ദശലക്ഷം ദിര്‍ഹം) സമ്മാനത്തുക.

ഗുര്‍പ്രീത് സിംഗ്‌

ഷാര്‍ജയില്‍ ഐ.ടി മാനേജരായി ജോലി ചെയ്യുന്ന ഗുര്‍പ്രീത് 34 വര്‍ഷമായി യു.എ.ഇയില്‍ താമസക്കാരനാണ്. കഴിഞ്ഞ രണ്ടുമാസമായി ഇദ്ദേഹം മുടങ്ങാതെ ടിക്കറ്റ് എടുക്കുമായിരുന്നു. ചിലപ്പോഴെല്ലാം സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നതെന്നും എന്നാല്‍ ഈ ടിക്കറ്റ് താന്‍ തനിയെ എടുത്തതാണെന്നും ഗുര്‍പ്രീത് പറഞ്ഞു.

സമ്മാനം കരസ്ഥമാക്കിയ വിവരം അറിയിക്കാന്‍ അധികൃതര്‍ വിളിച്ചപ്പോള്‍ ആരെങ്കിലും പറ്റിക്കുകയായിരിക്കുമെന്നാണ് താന്‍ കരുതിയതെന്ന് ഗുര്‍പ്രീത് പറയുന്നു. ‘ബിഗ് ടിക്കറ്റ് അധികൃതര്‍ വിളിച്ചപ്പോള്‍ ആരോ കബളിപ്പിക്കാന്‍ വിളിക്കുകയാണെന്നായിരുന്നു കരുതിയത്. പിന്നീടാണ് സത്യമാണെന്ന് മനസ്സിലായത്. കൊവിഡിന്റെ ഈ ദുരിതകാലത്ത് ഈ സമ്മാനം ലഭിച്ചതില്‍ വലിയ സന്തോഷം തോന്നി.’

സമ്മാനത്തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ കുടുംബത്തോടൊപ്പം ചെലവിടാനാണ് ആഗ്രഹിക്കുന്നതെന്നും ഗുര്‍പ്രീത് അറിയിച്ചു.

സമ്മാനം നേടിയതിന്റെ പശ്ചാത്തലത്തില്‍ എന്താണ് മറ്റുള്ളവരോട് പറയാനുള്ളതെന്ന ചോദ്യത്തിന് ശ്രമം ഒരിക്കലും ഉപേക്ഷിക്കരുതെന്നും അങ്ങനെയിരുന്നാല്‍ ഒരിക്കല്‍ നമ്മളെ ഭാഗ്യം തേടിയെത്തുമെന്നും ഗുര്‍പ്രീത് മറുപടി നല്‍കി. ‘ശ്രമം ഒരിക്കലും ഉപേക്ഷിക്കരുത്. ഒരുനാള്‍ ഭാഗ്യം തേടിയെത്തും. നിങ്ങള്‍ സ്വപ്‌നം കാണുമ്പോള്‍ വലിയ സ്വപ്‌നം തന്നെ കാണണം.’ ഗുര്‍പ്രീത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Abudabi pravasi wins lottery of 20 crores

We use cookies to give you the best possible experience. Learn more