മമ്മൂട്ടി നായകനായ അമല്‍നീരദ് സിനിമ ഭീഷ്മ പര്‍വ്വത്തിലൂടെയാണ് തന്റെ അഭിനയ ജീവിതത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് നടന്‍ അബു സലീം. ഗണേശ് രാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ പൂക്കാലത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് അബു സലീം കാഴ്ചവെച്ചത്.
വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന ആളുകളാണ് മലയാളത്തില്‍ മികച്ച കോമഡി വേഷങ്ങളും ക്യാരക്ടര്‍ റോളുകളും ചെയ്തിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങള്‍ തന്നെയും തേടി വരുമെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന ആളുകളാണ് മലയാളത്തില്‍ ഗംഭീര കോമഡി താരങ്ങളായി വന്നിട്ടുള്ളത്. ക്യാരക്ടര്‍ റോളുകളിലേക്ക് വന്നവരും വില്ലന്‍വേഷങ്ങള്‍ ചെയ്തവരാണ്. നമുക്കും അങ്ങനെയൊരു കാലം വരും എന്നൊരു തോന്നലുണ്ടായിരുന്നു. എന്റെ കാര്യത്തില്‍ ഭീഷ്മപര്‍വത്തോടുകൂടിയാണ് ആ മാറ്റം വന്നത്.
ഏത് റോളും ചെയ്യിക്കാം എന്നൊരു ധാരണ സംവിധായകര്‍ക്കും വന്നുതുടങ്ങിയിട്ടുണ്ട്. പിന്നെ ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍പറ്റും എന്ന് തെളിയിക്കാനുള്ള അവസരം കിട്ടണം. കിട്ടിയാലേ പറ്റൂ. എന്ത് വേഷമാണോ കിട്ടുന്നത്, അത് വൃത്തിയായി ചെയ്യുക എന്നുള്ളതാണ്,’ അബു സലീം പറഞ്ഞു.
നടനായതിന് ശേഷം സംഭവിച്ച രസകരമായ ചില സംഭവങ്ങളെ കുറിച്ചും അഭിമുഖത്തില്‍ അബു സലീം സംസാരിച്ചു.
‘കലാകാരനായതിന് ശേഷമാണ് കാക്കിയണിഞ്ഞത്. 1977ലാണ് ആദ്യത്തെ പടം ചെയ്യുന്നത്. സുകുമാരേട്ടന്‍ നായകനായ രാജന്‍ പറഞ്ഞ കഥയായിരുന്നു ആദ്യത്തെ സിനിമ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായിരുന്നു അത്. 1979ലാണ് പൊലീസില്‍ ചേരുന്നത്. പക്ഷേ ആദ്യസിനിമയില്‍ പൊലീസ് വേഷമായിരുന്നു. മുമ്പ് ഹോട്ടലുകളില്‍ പോകുമ്പോള്‍ ലിഫ്റ്റില്‍ കയറുന്ന സമയത്തെല്ലാം സ്ത്രീകള്‍ പേടിച്ച അനുഭവമുണ്ടായിട്ടുണ്ട്. ചിരിയൊക്കെ ആദ്യത്തെ ആ ഞെട്ടലിന് ശേഷമാണ്,’ അബു സലീം പറഞ്ഞു.
content highlight: abu sleem about his film career after bheeshma parvam