സൗഹൃദങ്ങളെ ഏറെയധികം ചേര്‍ത്തു നിര്‍ത്തു ആളാണ് നടന്‍ മമ്മൂട്ടി. അതിനെ കുറിച്ച് സിനിമയില്‍ നിന്നുള്ള പലരും പറഞ്ഞ് മുമ്പും കേട്ടിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് നടന്‍ അബു സലിം. മമ്മൂട്ടിയുമായി തനിക്ക് നല്ല സൗഹൃദമാണെന്നും അത് സിനിമയിലൂടെ മാത്രമുള്ള ബന്ധമല്ലെന്നും അദ്ദേഹം പറയുന്നു.
മറ്റുള്ളവരോട് സഹതാപവും അവരെ സഹായിക്കാനുള്ള മനസുമുള്ള മനുഷ്യനാണ് മമ്മൂട്ടിയെന്നും അബു സലിം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. മമ്മൂട്ടിക്ക് ആളുകളുമായി അടുക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും ശരിക്കും മനസിലാക്കിയിട്ടേ ആളുകളുമായി അടുക്കുകയുള്ളൂവെന്നും അബു സലിം കൂട്ടിച്ചേര്‍ത്തു.
‘മമ്മൂക്കയുമായി എനിക്ക് നല്ല സൗഹൃദമാണ്. അത് സിനിമയിലൂടെ മാത്രമുള്ള ബന്ധമല്ല. അദ്ദേഹവുമായി എനിക്ക് സിനിമയിലൂടെ അല്ലാതെയുള്ള ബന്ധവുമുണ്ട്. നമ്മള്‍ വിളിക്കുമ്പോള്‍ ചിലപ്പോള്‍ മമ്മൂക്ക തിരക്കിലാകും. അങ്ങനെയെങ്കില്‍ അദ്ദേഹം ഫോണ്‍ എടുക്കില്ല. രണ്ടോ മൂന്നോ തവണ വിളിച്ചാലും ചിലപ്പോള്‍ കോള്‍ എടുത്തെന്ന് വരില്ല.
പക്ഷെ അദ്ദേഹം സംസാരിക്കാനുള്ള സമയം കിട്ടിയാല്‍ ഉടനെ തിരിച്ചു വിളിക്കും. അങ്ങനെ വിളിച്ചാല്‍ പത്തോ ഇരുപതോ മിനിട്ട് സംസാരിക്കും. കുടുംബകാര്യങ്ങളെ കുറിച്ചും സിനിമയെ കുറിച്ചും പൊതുകാര്യങ്ങളുമൊക്കെ സംസാരിക്കും. വയനാട് ദുരന്തം സംഭവിച്ചപ്പോള്‍ എന്നെ ഓരോ ദിവസവും വിളിക്കുമായിരുന്നു. നമ്മുടെ കാര്യങ്ങളൊക്കെ അന്വേഷിച്ചു.
സഹതാപവും സഹായിക്കാനുള്ള മെന്റാലിറ്റിയുമുള്ള മനുഷ്യനാണ് മമ്മൂക്ക. പക്ഷെ ആരെയും അറിയിക്കാതെയാണ് പലതും ചെയ്യുക. വയനാടൊക്കെ എനിക്ക് അറിയുന്ന ഒരുപാട് കുട്ടികളുടെ ഓപ്പറേഷനും മറ്റ് കാര്യങ്ങളുമൊക്കെ അദ്ദേഹം ഏറ്റെടുത്ത് ചെയ്തിട്ടുണ്ട്. ഞാന്‍ അത് മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടി പറയുകയല്ല.
മമ്മൂക്കയുടെ നല്ല മനസിനെ നമ്മള്‍ അംഗീകരിച്ചേ പറ്റൂ. അദ്ദേഹത്തിന് ആളുകളുമായി അടുക്കാന്‍ കുറച്ച് സമയമെടുക്കും. ആളെ ശരിക്കും മനസിലാക്കിയിട്ടേ അടുക്കുകയുള്ളൂ. ഇനി അവസാനം അടുത്തു കഴിഞ്ഞാല്‍ ചേര്‍ത്തു നിര്‍ത്തും. പിന്നെ വേറെയാരും നമ്മളെ കുറിച്ച് ഒന്നും പറഞ്ഞിട്ട് കാര്യമില്ല,’ അബു സലിം പറഞ്ഞു.
Content Highlight: Abu Salim Talks About Mammootty