Entertainment
ബിഗ് ബിയിലുള്ള ആളുകള്‍ മാത്രമേ ബിലാലിലും ഉണ്ടാകുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി: അബു സലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 09, 04:57 pm
Monday, 9th September 2024, 10:27 pm

2022ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് – മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു, ലെന, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിച്ചിരുന്നു.

മമ്മൂട്ടി മൈക്കിളെന്ന കഥാപാത്രമായെത്തിയ ഭീഷ്മ പര്‍വ്വത്തില്‍ അദ്ദേഹത്തിന്റെ വലംകൈയായ ശിവന്‍കുട്ടി എന്ന കഥാപാത്രമായി എത്തിയത് നടന്‍ അബു സലിമാണ്. ഇപ്പോള്‍ ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് അബു സലിം. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Abu Salim‘ഞാന്‍ വളരെ മുമ്പുതന്നെ അമല്‍ നീരദ് സാറിനെ പരിചയപ്പെട്ടിരുന്നു. സിനിമയെ കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും പറയാറുള്ളത് നമുക്ക് ഉടനെ ചെയ്യാമെന്ന് മാത്രമായിരുന്നു. അദ്ദേഹത്തിന്റെ മനസില്‍ എനിക്ക് പറ്റിയ കഥാപാത്രം വന്നിട്ടില്ലായിരിക്കും എന്നാണ് ഞാനപ്പോള്‍ കരുതിയിരുന്നത്.

അങ്ങനെയിരിക്കെ സാര്‍ ബിലാലിന്റെ ഷൂട്ട് തുടങ്ങാനുള്ള പ്ലാനിങ്ങിലാണെന്ന് ഞാന്‍ അറിഞ്ഞു. കൊവിഡിന്റെ തൊട്ടുമുമ്പായിരുന്നു അത്. ആ സമയത്ത് കണ്ടപ്പോഴും ഞാന്‍ അദ്ദേഹത്തോട് അവസരം ചോദിച്ചിരുന്നു. അന്ന് ‘ബിഗ് ബിയിലുള്ള ആള്‍ക്കാര് മാത്രമേ ഉണ്ടാകുകയുള്ളു. പുതിയ ആളുകള്‍ ഉണ്ടാകുമോയെന്ന് സംശയമാണ്’ എന്നായിരുന്നു മറുപടി.

നമുക്ക് നോക്കിയിട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ കൊവിഡ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്ലാനിങ്ങൊക്കെ മാറി. അങ്ങനെയാണ് ഭീഷ്മ പര്‍വത്തിന്റെ സബ്‌ജെക്റ്റ് വരുന്നത്. ഇതൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. പിന്നെ പെട്ടെന്ന് ഒരു ദിവസം ഫോണ്‍ കോള്‍ വരികയായിരുന്നു.

ഒരു പുതിയ സിനിമ തുടങ്ങുന്നുണ്ടെന്ന് അമല്‍ സാര്‍ പറഞ്ഞു. നിങ്ങള്‍ പറഞ്ഞത് പോലെ നിങ്ങള്‍ക്ക് പറ്റിയ ഒരു വേഷമുണ്ടെന്നും പറഞ്ഞു. ഇപ്പോള്‍ ഏതെങ്കിലും പടം ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഞാന്‍ മറുപടി നല്‍കി.

ഈ സിനിമക്ക് ഇനി രണ്ട് മാസം സമയമുണ്ടെന്നായിരുന്നു അമല്‍ സാര്‍ പറഞ്ഞത്. എനിക്ക് ചെറിയ റോളല്ലെന്നും മുടിയും താടിയും വളര്‍ത്തണമെന്നും സാര്‍ പറഞ്ഞു. അതുകേട്ടതോടെ ഞാന്‍ ആകെ ത്രില്ലിലായി. മമ്മൂക്കയോടൊപ്പം അമല്‍ നീരദ് സാറിന്റെ പടം ചെയ്യുകയെന്നത് ചെറിയ കാര്യമല്ലല്ലോ,’ അബു സലിം പറഞ്ഞു.


Content Highlight: Abu Salim Talks About Amal Neerad And Bheeshma Parvam