| Sunday, 10th March 2024, 3:18 pm

ഭീഷ്മ പര്‍വ്വത്തിലെ ശിവന്‍കുട്ടിയെന്ന കഥാപാത്രം; എനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അദ്ദേഹത്തോടാണ്: അബു സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യമായി ഭീഷ്മ പര്‍വ്വം കണ്ട് കഴിഞ്ഞപ്പോള്‍ താന്‍ തരിച്ചു പോയെന്നും ആ സിനിമയില്‍ ശിവന്‍കുട്ടിക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നെന്നും അബു സലിം. ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അതിന് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അമല്‍ നീരദിനോടാണെന്നും താരം പറഞ്ഞു.

മൂവി സ്റ്റോറി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അബു സലിം. സിനിമയിലെ ശിവന്‍കുട്ടിയുടെ കഥാപാത്രം തകര്‍പ്പനാണെന്ന് മമ്മൂട്ടി പല സമയത്തും തന്നോട് പറയുമായിരുന്നുവെന്നും സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് തനിക്ക് ഇത് മനസിലാവുന്നതെന്നും താരം പറയുന്നു.

‘ശിവന്‍കുട്ടിയുടേത് തകര്‍പ്പന്‍ റോളാണെന്ന് മമ്മൂക്ക പല സമയത്തും എന്നോട് പറയുമായിരുന്നു. സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് എനിക്ക് ഇത് മനസിലാവുന്നത്. സാധാരണ സിനിമ ചെയ്ത് കഴിഞ്ഞാല്‍ ഡബ്ബ് ചെയ്യുമ്പോള്‍ മനസിലാകേണ്ടതാണ്. പക്ഷെ ഇത് സ്പോട്ട് ഡബ്ബിങ്ങായത് കൊണ്ട് എനിക്ക് മനസിലായില്ല.

ഫസ്റ്റ് ഡേ മുക്കത്ത് നിന്നാണ് ഞാന്‍ സിനിമ കണ്ടത്. കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ തരിച്ചു പോയി. ആ സിനിമയില്‍ ശിവന്‍കുട്ടിക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. നന്നായി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അതിന് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അമല്‍ നീരദ് സാറിനോടാണ്,’ അബു സലിം പറഞ്ഞു.

2022ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് – മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു, ലെന, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിച്ചിരുന്നു. മമ്മൂട്ടി മൈക്കിളെന്ന കഥാപാത്രമായെത്തിയ ഭീഷ്മ പര്‍വ്വത്തില്‍ അദ്ദേഹത്തിന്റെ വലംകൈയായ ശിവന്‍കുട്ടി എന്ന കഥാപാത്രമായാണ് അബു സലിമെത്തിയത്.


Content Highlight: Abu Salim Talks About Amal Neerad

Latest Stories

We use cookies to give you the best possible experience. Learn more