നേരിട്ടുള്ള സഹായമെത്തിക്കൽ അഭിമാനത്തെ ചോദ്യം ചെയ്യുന്നത് പോലെയാകും; വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തെ കുറിച്ച് അബു സലിം
Kerala News
നേരിട്ടുള്ള സഹായമെത്തിക്കൽ അഭിമാനത്തെ ചോദ്യം ചെയ്യുന്നത് പോലെയാകും; വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തെ കുറിച്ച് അബു സലിം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2024, 12:48 pm

മേപ്പാടി: വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്ക് നേരിട്ടുള്ള സഹായമെത്തിക്കുന്നത് അഭിമാനത്തെ ചോദ്യം ചെയ്യുന്നതുപോലെയാകുമെന്ന് നടനും വയനാട് സ്വദേശിയുമായ അബു സലിം. ജില്ലാ അതോറിറ്റികളും മറ്റ് ഭരണ സംവിധാനങ്ങളും അതിനുള്ള സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസത്തിന് സമയമെടുക്കുമെന്നും വയനാടിനായി എല്ലാവരും ഉത്തരവാദിത്തത്തോടെ കൂടെയുണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മനോരമ ന്യൂസിൽ സംസാരിക്കുകയായിരുന്നു അബു സലിം.

‘പോയവരെല്ലാം പോയിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളവര്‍ക്ക് പുനരധിവാസത്തിന് അല്‍പം സമയമെടുക്കും. അതുവരെ അവര്‍ക്കുള്ള താമസവും ഭക്ഷണവും ഒരുക്കണം എന്നത് നിര്‍ബന്ധമുള്ള ഒരു കാര്യമാണ്. പുനരധിവാസത്തിന് എന്തുതന്നെയായാലും ഒരു നാലഞ്ച് മാസം പിടിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതിനായി വലിയ ചെലവ് വരും.

അതിനായി നമ്മുടെ നാട്ടിലെ എല്ലാവരും വയനാടിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തോടുകൂടി സഹായം ചെയ്ത് ഞങ്ങള്‍ക്കൊപ്പമുണ്ടാകണം എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

സഹായങ്ങളെല്ലാം അതോറിറ്റി മുഖാന്തരം ചെയ്യുന്നതാവും നല്ലതെന്നാണ് എന്റെ അഭിപ്രായം. കാരണം അനുതാപം അല്ലെങ്കിൽ സഹതാപം എന്ന് തോന്നിയാൽ ചില ആളുകൾക്ക് അവരുടെ അഭിമാനത്തിനെ ചോദ്യം ചെയ്യുന്ന പോലെ തോന്നും. അതുകൊണ്ട് മൊത്തത്തിൽ ജില്ലാ അതോറിറ്റിയും മറ്റുള്ളവരും അതിനുള്ള സൗകര്യം ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത്,’അബു സലിം പറയുന്നു.

അതേസമയം, ആറാം ദിവസവും തിരച്ചില്‍ തുടരുകയാണ്. വിവിധ ഫോഴ്സുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പടെ 1200ലധികം ആളുകളാണ് ഇന്ന് തിരച്ചിലില്‍ പങ്കെടുക്കുക.


സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കയറും മറ്റ് കൂടുതല്‍ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. മണ്ണിനടയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന നിഗമനത്തിലാണ് കൂടുതല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നത്. വിവിധ പോയിന്റുകള്‍ തിരിച്ചാണ് ഇന്നും തിരച്ചില്‍ തുടരുന്നത്.

മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൃത്യമായി രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരാണ് ഇന്ന് തിരച്ചിലില്‍ പങ്കെടുക്കുന്നത്. അപകട സാധ്യത ഉള്‍പ്പടെ കണക്കിലെടുത്ത് സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് തിരച്ചിലിനായി സന്നദ്ധ പ്രവര്‍ത്തകരെ കടത്തിവിടുന്നത്.

 

Content Highlight: Abu Salim Talk About Wayanad Land Slide