| Thursday, 22nd August 2024, 8:40 am

ആ ഹോളിവുഡ് നടനെ കണ്ടപ്പോൾ ഹൗ ഓൾഡ് ആർ യുവിലെ മഞ്ജു വാര്യരെ പോലെയായിരുന്നു ഞാൻ: അബു സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാളികൾക്ക് സുപരിചിതനാണ് അബു സലിം. ശരീര സൗന്ദര്യത്തിലൂടെ മലയാളത്തിലെ വില്ലൻമാർക്കിടയിൽ തന്റേതായ ഒരു സ്ഥാനം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർസ്റ്റാറുകളോടൊപ്പമെല്ലാം വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം ആദ്യമായി ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാർസ്നേഗറിനെ കണ്ട അനുഭവം പങ്കുവെക്കുകയാണ്.

ടെർമിനേറ്റർ, കമാൻഡോ, പ്രഡേറ്റർ തുടങ്ങിയ സിനിമകളിലൂടെ ലോകത്താകെ ആരാധകരെ സമ്പാദിച്ച നടനാണ് അർണോൾഡ്. ബോഡി ബിൽഡർ എന്ന നിലയിൽ വലിയ ആരാധകരെ സ്വന്തമാക്കിയ അദ്ദേഹത്തിന് കേരളത്തിലും ഒരുപാട് സ്വീകാര്യത നേടാൻ കഴിഞ്ഞിട്ടുണ്ട്.

അർണോൾഡിനെ നേരിട്ട് കാണുകയെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും നേരിട്ട് കണ്ടപ്പോൾ വലിയ സന്തോഷമായെന്നും അബു സലിം പറയുന്നു. ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആദ്യമായി പ്രസിഡന്റിനെ കാണുമ്പോഴുള്ള അവസ്ഥയായിരുന്നു തന്റേതെന്നും അർണോൾഡ് തന്റെ ശരീരത്തെ കുറിച്ചെല്ലാം സംസാരിച്ചെന്നും അബു സലിം പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹത്തെ കണ്ടപ്പോൾ ഒരൊറ്റ ഓട്ടമായിരുന്നു ഞാൻ. അടുത്ത് എത്തിയപ്പോൾ തന്നെ ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി. ഞാൻ പറഞ്ഞു ഫോർമർ മിസ്റ്ററാണ്, പൊലീസ് ഓഫീസറാണ്, അതുപോലെ സിനിമയിൽ അഭിനയിക്കുന്ന ആളാണ് എന്നെല്ലാം.

അദ്ദേഹം എന്നെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു, ഗുഡ് ഫിസിക്ക് എന്ന്. ആ നിമിഷം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. സത്യത്തിൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിൽ മഞ്ജു വാര്യർ പ്രസിഡന്റിനെ കാണുമ്പോൾ വീഴുന്നില്ലേ, അതുപോലെയായിരുന്നു എന്റെ അവസ്ഥ.

ഞാൻ ഇപ്പോൾ വീഴും എന്നെനിക്ക് ഇങ്ങനെ തോന്നുണ്ടായിരുന്നു. എത്രയോ വർഷങ്ങളായി ആഗ്രഹിച്ച് കിടക്കുന്ന ഒരു കാര്യമായിരുന്നു അത്. ആ ഫോട്ടോ കണ്ടാലത് മനസിലാവും എന്റെ കണ്ണൊക്കെ നിറഞ്ഞിട്ടാണ്. സെക്യൂരിറ്റിയൊക്കെ എന്നെ പിടിച്ച് വെക്കുന്നുണ്ട്. ഞാൻ അയാളോട് ചോദിച്ചത്, പുള്ളി സമ്മതിച്ചു നിങ്ങൾ എന്തിനാണ് പിടിച്ചു വെക്കുന്നത് എന്നായിരുന്നു. ഒരിക്കലും മറക്കാൻ പറ്റില്ല ആ ദിവസം,’അബു സലിം പറയുന്നു.

Content Highlight: Abu Salim Talk About Hollywood Actor Arnold

We use cookies to give you the best possible experience. Learn more