| Monday, 31st October 2022, 10:00 pm

മമ്മൂക്ക ഈമാനുള്ള മനുഷ്യന്‍, മനസ് ശുദ്ധമാണെങ്കില്‍ എല്ലാവര്‍ക്കും അതുണ്ടാകും; അബു സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയോട് ഏറ്റവും അടുപ്പമുള്ള താരങ്ങളിലൊരാളാണ് അബു സലിം. മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം അദ്ദേഹത്തിന്റെ ഈമാനാണെന്ന് പറയുകയാണ് അബു സലിം. മൂവി സ്റ്റോറി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തെ പറ്റി അബു സലിം പറഞ്ഞത്.

‘സൗന്ദര്യം മാത്രമല്ല, മുസ്‌ലിങ്ങള്‍ ഈമാന്‍ എന്ന് പറയും. ആ ഈമാന്‍ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ മനസിന്റെയും അദ്ദേഹം ചെയ്യുന്ന സല്‍കര്‍മങ്ങളുടെയും ഫലമാണത്. ദൈവീകമായിട്ട് കിട്ടുന്നതാണത്. ഒരു ഓറ എന്ന് പറയില്ലേ, ആ ഒരു സാധനം അദ്ദേഹത്തിനുണ്ട്. മനസ് ക്ലിയറാണെങ്കില്‍ എല്ലാവര്‍ക്കും അത് വരും. നമ്മുടെ പ്രവര്‍ത്തികളും അതിന് അനുയോജ്യമായിരിക്കണം.

പിന്നെ മമ്മൂക്ക ചെറുപ്പം മുതല്‍ തന്നെ സുന്ദരനാണ്. അത് പ്രായം കൂടുംതോറും കൂടിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് വന്ന ദൈവാനുഗ്രഹം എന്നാണ് അതിനെ പറയേണ്ടത്,’ അബു സലിം പറഞ്ഞു.

ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിക്കൊപ്പം അബു സലിം ഒടുവില്‍ അഭിനയിച്ച ചിത്രം. മൈക്കിളപ്പന്റെ സന്തതസഹചാരിയായ ശിവന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് അബു സലിം ചിത്രത്തില്‍ അവതരിപ്പിച്ചത്. ശിവന്‍ കുട്ടി തകര്‍പ്പന്‍ റോളാണെന്ന് മമ്മൂട്ടി പറയുമായിരുന്നുവെന്ന് അബു സലിം നേരത്തെ പറഞ്ഞിരുന്നു.

‘മമ്മൂക്ക പല സമയത്തും എന്നോട് പറയുമായിരുന്നു ശിവന്‍ കുട്ടി തകര്‍പ്പന്‍ റോളാണെന്ന്. സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്. സാധാരണ സിനിമ ചെയ്ത് കഴിഞ്ഞാല്‍ ഡബ്ബ് ചെയ്യുമ്പോള്‍ മനസിലാകും. പക്ഷെ ഇത് സ്പോട്ട് ഡബ്ബിങ് ആയത് കൊണ്ട് മനസിലായില്ല.

ഫസ്റ്റ് ഡേ മുക്കത്ത് നിന്നുമാണ് സിനിമ കണ്ടത്. കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ തരിച്ചു പോയി. വളരെ പ്രാധാന്യമുണ്ടായിരുന്നു ശിവന്‍ കുട്ടിക്ക്. നന്നായി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. അതിന് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അമല്‍ നീരദ് സാറിനോടാണ്,’ എന്നും അബു സലിം കൂട്ടിച്ചേര്‍ത്തു.

Content Highlight: Abu Salim says Mammootty’s beauty secret is his eeman

We use cookies to give you the best possible experience. Learn more