ആരോഗ്യം നന്നായി സൂക്ഷിക്കാത്തവരെ മമ്മൂട്ടിക്ക് ഇഷ്ടമല്ലെന്ന് നടൻ അബു സലിം. ശരീരം നന്നായി സൂക്ഷിക്കുന്നവരെയും കുടുംബത്തെ നന്നായി പരിപാലിക്കുന്നവരെയും അദ്ദേഹത്തിന് വളരെ ഇഷ്ടമാണെന്നും അബു സലിം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയെപ്പറ്റി എത്ര പറഞ്ഞാലും മതിയാകില്ല. കാരണം ഞങ്ങൾ തമ്മിലുള്ള ബന്ധം അങ്ങനെയാണ്. ഞാൻ ഇടക്ക് ഫിറ്റ്നസ്സിന്റെ കാര്യങ്ങൾ പറഞ്ഞുകൊടുക്കാറുണ്ട്. അതൊക്കെ അതുപടി അനുസരിക്കുന്ന ഒരാളാണ് അദ്ദേഹം.
നമുക്ക് ശരീരമുണ്ടെങ്കിലേ ബാക്കി എന്തും ചെയ്യൻ കഴിയുകയുള്ളൂ. അത് ചെയ്യാത്തവരെ കാണുമ്പോൾ പുള്ളിക്ക് ദേഷ്യമാണ്. ശരീരം നോക്കുന്നവരെയും കുടുംബം നോക്കുന്നവരെയും അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. സ്വയം സ്നേഹിച്ചാൽ മാത്രമാണ് നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റൂ. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം നന്നായി ഭക്ഷണം ഒക്കെ കഴിക്കുന്നതും ശരീരം നോക്കുന്നതും.
മമ്മൂക്ക നല്ല ഭക്ഷണപ്രിയൻ ഒക്കെയാണ്. പക്ഷെ വളരെ കൺട്രോൾ ചെയ്തിട്ടാണ് കഴിക്കുന്നത്. വ്യായാമം വേണ്ട രൂപത്തിൽ ചെയ്യുകയും ചെയ്യും. ഫിറ്റ്നസ്സും സൗന്ദര്യവും അതുകൊണ്ടാണ് ഇപ്പോഴും നിലനിർത്തുന്നത്. സൗന്ദര്യം അദ്ദേഹത്തിന് ദൈവം അറിഞ്ഞ് കൊടുത്തതാണ്. ദൈവം എല്ലാവർക്കും പല കഴിവുകളും കൊടുക്കും. അത് അതുപോലെതന്നെ നിലനിർത്തി കൊണ്ടുപോകാനാണ് പാട്. പല ആളുകളും തോറ്റുപോകുന്നത് അവിടെയാണ്. അങ്ങനെ സംഭവിക്കാതെ ഇപ്പോഴും നന്നായിത്തന്നെ അദ്ദേഹം ശരീരം പരിപാലിച്ച് പോകുന്നുണ്ട്,’ അബു സലിം പറഞ്ഞു.
അഭിമുഖത്തിൽ അദ്ദേഹം കമൽ ഹാസനെപ്പറ്റിയും സംസാരിച്ചു. തനിക്ക് ഒപ്പത്തിനൊപ്പം നിന്ന് ഫൈറ്റ് ചെയ്യൻ ആഗ്രഹമുള്ള നടനാണ് കമൽ ഹാസൻ എന്നും അദ്ദേഹം ശൃംഗാര വേലൻ എന്ന ചിത്രം ചെയ്യുമ്പോൾ മുതലുള്ള ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് ഇനി ഒപ്പത്തിനൊപ്പം നിന്ന് ഫൈറ്റ് ചെയ്യണമെന്ന് ആഗ്രഹമുള്ള നടൻ ആണ് കമല ഹാസൻ. അദ്ദേഹത്തിന്റെ കൂടെ ഇതുവരെ അഭിനയിച്ചിട്ടില്ല. പക്ഷെ ഞാനാണ് തമ്മിൽ നല്ല സുഹൃത്തുക്കളാണ്.
ഞങ്ങൾ ജോണി വാക്കർ ചെയ്യുന്ന സമയത്ത് അദ്ദേഹം അവിടെ ശൃംഗാര വേലൻ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി വന്നിട്ടുണ്ടായിരുന്നു. തൊട്ടപ്പുറത്തെ ഫ്ലോറിൽ രജനികാന്തിന്റെ ചിത്രവും നടക്കുന്നുണ്ടായിരുന്നു. ഞാനാ അവിടെ ചെന്ന് കമൽ സാറിനെ പരിചയപ്പെട്ടു. അന്നുമുതലുള്ള ബന്ധമാണ് ഇപ്പോഴും നിലനിൽക്കുന്നത്,’ അബു സലിം പറഞ്ഞു.