| Friday, 4th August 2023, 7:21 pm

വിക്രം വിളിച്ചിട്ടാണ് ഞാൻ ചെന്നത്; ആ നടൻ എന്റെ റോൾമോഡലാണെന്ന് വിക്രത്തിനറിയാം: അബു സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഐ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനാണ്‌ താൻ ആദ്യമായി അർണോൾഡിനെ കാണുന്നതെന്ന് നടൻ അബു സലിം. നടൻ വിക്രമാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും തന്റെ റോൾമോഡൽ അർണോൾഡ് ആണെന്ന് വിക്രത്തിനറിയാമെന്നും അബു സലിം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഐ എന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ചിന് ചെന്നപ്പോഴാണ് ഞാൻ ആദ്യമായിട്ടാണ് അർണോൾഡിനെ കാണുന്നത്. വിക്രം വിളിച്ച് പറഞ്ഞിട്ടാണ് ഞാൻ പോകുന്നത്. പുള്ളിക്കറിയാം ഞാൻ അർണോൾഡിന്റെ ഫാൻ ആണെന്നും അദ്ദേഹമാണ് എന്റെ റോൾമോഡലെന്നും.

നെറ്റ്ഫ്ലിക്സിൽ അർണോൾഡിന്റെ ഓട്ടോ ബിയോഗ്രഫി ഉണ്ട്. റെഗ് പാർക്ക് എന്ന ബോഡി ബിൽഡറെ കണ്ടുകൊണ്ടാണ് പുള്ളി ബോഡി ബിൽഡിങ് ഫീൽഡിലേക്ക് വന്നതെന്ന് ഓട്ടോബയോഗ്രഫിയിൽ പറയുന്നുണ്ട്. പതിനാറാമത്തെ വയസുമുതൽ അർണോൾഡ് ബോഡി ബിൽഡിങ്ങിലേക്ക് വന്ന് പല മത്സരങ്ങളിലും ജയിച്ച്, അവസാനത്തെ മത്സരത്തിൽ ജയിച്ചപ്പോഴാണ് റെഗ് പാർക്കിനെ ആദ്യമായിട്ട് കാണുന്നതെന്ന് ബയോഗ്രഫിയിൽ ഉണ്ട്. എത്ര മനോഹര നിമിഷം ആയിരിക്കുമത്. അതിനേക്കാൾ അപ്പുറം ആയിരുന്നു എനിക്ക് ആദ്യമായി അർണോൾഡിനെ കണ്ടപ്പോൾ.

എന്നെ കണ്ടപ്പോൾ നെഞ്ചിൽ രണ്ട് തട്ട് തട്ടി. അന്നെടുത്ത ചിത്രത്തിൽ നോക്കിയാൽ അറിയാം എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്. അത് മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. എന്തെങ്കിലും ദൃഡമായിട്ട് മനസ്സിൽ ആഗ്രഹിച്ചാൽ ഉറപ്പായും അത് നടന്നിരിക്കും.

വളരെ ദൂരെ നിന്നും കണ്ടപ്പോൾ തന്നെ എന്നെ വിഷ് ചെയ്തു അദ്ദേഹം. ഞാൻ അപ്പോൾ തന്നെ പുറകിലേക്ക് തിരിഞ്ഞ് നോക്കി. ആരും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഞാൻ അങ്ങോട്ട് ചെന്നത്.

ഞാനും അർണോൾഡും മലയാളത്തിൽ സംസാരിക്കുന്നതുവരെ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. അന്നത്തെ കാലത്ത് പുള്ളി മാത്രമേ സ്വപ്നത്തിൽ ഉണ്ടായിരുന്നുള്ളൂ,’ അബു സലിം പറഞ്ഞു.

അഭിമുഖത്തിൽ അബു സലീമും വിക്രവുമായുള്ള സൗഹൃദത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. മുൻകാലങ്ങളിൽ ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും ബോഡി ബിൽഡിങ്ങുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താൻ വിക്രത്തിന് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘വിക്രമും ഞാനും ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രപ്രസ്ഥം, സ്ട്രീറ്റ്, റെഡ് ഇന്ത്യൻസ് എന്നിങ്ങനെ ഒത്തിരി ചിത്രങ്ങൾ. റെഡ് ഇന്ത്യൻസ് വയനാട് വെച്ചിട്ടായിരുന്നു ഷൂട്ട്. വിക്രം കുടുംബമായിട്ട് എന്റെ റിസോർട്ടിലാണ് താമസിച്ചത്. അന്നുമുതലുള്ള ബന്ധമാണ്. വിക്രത്തിന് ബോഡി ബിൽഡിങ്ങുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ പറഞ്ഞുകൊടുത്തിട്ടുണ്ട്. ചെന്നൈയിൽ പോയാൽ ഞങ്ങൾ കാണുകയും അദ്ദേഹത്തിന്റെ വീട്ടിൽ പോകുകയും ചെയ്യും,’ അബു സലിം പറഞ്ഞു.

Content Highlights: Abu Salim on Arnold Schwarzenegger and Vikram

We use cookies to give you the best possible experience. Learn more