Entertainment news
പുള്ളി എന്നെ രണ്ട് അടി അടിച്ചപ്പോഴേക്കും ഞാന്‍ സ്വപ്‌നലോകത്തായി: ആരാധനാപാത്രത്തെ നേരിട്ട് കണ്ട അനുഭവം പറഞ്ഞ് അബു സലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 01, 07:51 am
Friday, 1st April 2022, 1:21 pm

തന്റെ ആരാധനാപാത്രമായ ഹോളിവുഡ് സൂപ്പര്‍താരം അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറെ നേരിട്ട് കണ്ടതിന്റെ അനുഭവം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നടന്‍ അബു സലിം.

വിക്രം നായകനായ ശങ്കര്‍ ചിത്രം ഐയുടെ പ്രൊമോഷന്റെ ഭാഗമായി അര്‍ണോള്‍ഡ് തമിഴ്‌നാട്ടിലെത്തിയപ്പോള്‍ നേരിട്ട് ഒന്ന് കാണാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും തമ്മില്‍ സംസാരിച്ച സ്വപ്‌നതുല്യമായ നിമിഷങ്ങളെക്കുറിച്ചുമാണ് ‘ഫാന്‍ബോയ്’ ആയ അബു സലിം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”ഐ സിനിമയുടെ ഓഡിയോ ലോഞ്ചിന് അദ്ദേഹം വരുന്നുണ്ടെന്ന് വിക്രമാണ് എന്നെ വിളിച്ച് പറഞ്ഞത്. വിക്രമിന് നേരത്തെ അറിയാം ഞാന്‍ അര്‍ണോള്‍ഡിന്റെ ഭയങ്കര ഫാനാണ് എന്നത്.

അങ്ങനെയാണ് മദ്രാസില്‍ പോയി കാണാന്‍ പറ്റിയത്. അദ്ദേഹത്തിന് ഭയങ്കര സെക്യൂരിറ്റി ആയിരുന്നു. ലീല പാലസ് ഹോട്ടലിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

കേരളത്തില്‍ നിന്നുള്ള അഷ്‌റഫ് എന്ന ഐ.പി.എസ് ഓഫീസറെ വിളിച്ചു, അദ്ദേഹം റെയില്‍വേ ഡി.ഐ.ജി ആയിരുന്നു അന്ന്. പക്ഷെ പുള്ളി സ്ഥലത്തില്ലായിരുന്നു.

അര്‍ണോള്‍ഡിനെ കാണാനുള്ള സൗകര്യം ചെയ്ത് കൊടുക്കണമെന്ന് അദ്ദേഹത്തിന്റെ സബോര്‍ഡിനേറ്റിനോട് വിളിച്ച് പറഞ്ഞു. വേറെ വഴിയൊന്നും നടക്കൂല.

അങ്ങനെ അര്‍ണോള്‍ഡ് എത്തിയ ദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ലീല പാലസ് ഹോട്ടലിന്റെ റെസ്റ്ററന്റില്‍ പോയി. അപ്പോഴാണ് ഞാന്‍ കേറിച്ചെല്ലുന്നത്. ഡി.ഐ.ജിയുടെ വണ്ടിയില്‍ പോയത് കൊണ്ടാണ് അകത്ത് കയറാന്‍ പറ്റിയത് തന്നെ.

അകത്ത് കയറി ഓഫീസറെ അടുത്ത് എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്‌തെങ്കിലും, ഒരു രക്ഷയുമില്ല ഭയങ്കര സെക്യൂരിറ്റി ആണ് എന്നായിരുന്നു മറുപടി.

അദ്ദേഹത്തെ ശല്യപ്പെടുത്തരുതെന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക ഓര്‍ഡര്‍ ഉണ്ടെന്ന് പറഞു. അന്ന് ജയലളിതയാണ് സി.എം. സിനിമയിലുണ്ട് എന്ന് പറഞ്ഞപ്പോള്‍, അര്‍ണോള്‍ഡിന്റെ സെക്യൂരിറ്റി വിങ്ങില്‍ ഒരു തമിഴ് സിനിമാ നടന്‍ ഉണ്ടെന്നും അയാളോട് സംസാരിച്ച് നോക്കൂ എന്നും പറഞ്ഞു.

വസന്ത്‌നഗര്‍ രവി എന്നയാളായിരുന്നു അര്‍ണോള്‍ഡിന്റെ സെക്യൂരിറ്റി വിങ്ങിലുണ്ടായിരുന്ന തമിഴ്‌നാട്ടുകാരന്‍. അങ്ങനെ ഞാന്‍ അവരോട് സംസാരിച്ചു. എനിക്ക് ഒരു ഫോട്ടോ എടുത്താല്‍ മാത്രം മതി എന്ന് പറഞ്ഞു.

അങ്ങനെ അര്‍ണോള്‍ഡ് ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അവിടെ നിന്നിരുന്നവര്‍ ചുറ്റുംകൂടി. ഞാന്‍ അവിടെത്തന്നെ നിന്നു. കാരണം പുറത്ത് വരുമ്പോള്‍ എന്നെ രവി പരിചയപ്പെടുത്തും എന്നാണ് ഞാന്‍ ചിന്തിച്ചത്.

പക്ഷെ രവി പുറത്തേക്ക് ഇറങ്ങിയില്ല, അവിടെത്തന്നെ നിന്നു. അങ്ങനെ അര്‍ണോള്‍ഡ് നടന്നുവരികയാണ്. ഒരു 10 മീറ്റര്‍ അപ്പുറത്ത് എത്തിയപ്പോള്‍ എന്റെ നേരെ വിഷ് ചെയ്തു.

ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ പിറകില്‍ ആരുമില്ല. എന്നോടാണ് വിഷ് ചെയ്തത്.

എന്തോ, കണ്ടപ്പോള്‍ നമ്മുടെ മനസില്‍ അദ്ദേഹത്തോടുള്ള അമിതമായിട്ടുള്ള ആരാധനയുടെ തരംഗം അങ്ങോട്ട് അടിച്ചതായിരിക്കും എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

അപ്പോള്‍ തന്നെ ഞാന്‍ ഓടിച്ചെന്നു, എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്തു.

‘ഗുഡ് ഫിസിക്ക്’ എന്ന് പറഞ്ഞ് എന്നെ രണ്ട് അടി അടിച്ചു. അപ്പോള്‍ തന്നെ ഞാന്‍ ഒരു സ്വപ്‌നലോകത്താണ് എന്ന് വിചാരിച്ച് പോയി. പിന്നെ, നടന്നുകൊണ്ട് രണ്ട് മിനിട്ട് കോറിഡോറില്‍ നിന്ന് സംസാരിച്ചു.

ബോഡി ബില്‍ഡിങ്ങിനെപ്പറ്റിയും സിനിമയെപ്പറ്റിയും സംസാരിച്ചു,” അബു സലിം പറഞ്ഞു.

മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വമാണ് അബു സലീമിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അമല്‍ നീരദ് ചിത്രത്തില്‍ ശിവന്‍കുട്ടി എന്ന മുഴുനീള കഥാപാത്രത്തെയായിരുന്നു അബു സലീം അവതരിപ്പിച്ചത്.

Content Highlight: Abu Salim about meeting with Arnold Schwarzenegger in Tamil Nadu during I movie promotion