| Monday, 10th April 2023, 12:23 pm

മമ്മൂക്ക എന്നെ 'കാട്ടി' എന്നാണ് വിളിച്ചിരുന്നത്; എന്റെ പേരക്കുട്ടികള്‍ വരെ ശിവന്‍കുട്ടിയെന്നാണ് ഇപ്പോഴും വിളിക്കുന്നത്: അബു സലീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വില്ലന്‍ വേഷങ്ങളിലൂടെ വന്ന് ഇപ്പോള്‍ സ്വഭാവ നടനായി തിളങ്ങുന്ന താരമാണ് അബു സലീം. അദ്ദേഹം തന്റെ ഏറ്റവും പുതിയ സിനിമയായ പൂക്കാലത്തെ കുറിച്ച് പറയുകയാണ്. ആനന്ദത്തിന് ശേഷം ഗണേശ് രാജ് സംവിധാനം ചെയ്ത സിനിമയാണ് പൂക്കാലം. വിജയരാഘവന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് അബു സലീം കാഴ്ചവെച്ചത്.

ഭീഷ്മ പര്‍വം എന്ന മമ്മൂട്ടി നായകനായ അമല്‍നീരദ് സിനിമയില്‍ അഭിനയിച്ചതിന് ശേഷം തന്റെ പേരക്കുട്ടികള്‍ വരെ തന്നെ ശിവന്‍കുട്ടിയെന്നാണ് വിളിക്കുന്നതെന്നും മമ്മൂട്ടിയും തന്നെ അങ്ങനെയാണ് വിളിക്കുന്നതെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അബു സലീം പറഞ്ഞു.

‘മമ്മൂക്ക എന്നെ അടുത്തിടെ വരെ കാട്ടി എന്നാണ് വിളിച്ചിരുന്നത്. അതുപോലെ ഇടക്ക് ശിവന്‍കുട്ടി എന്നും പറയും. പുള്ളി മാത്രമല്ല എന്റെ പേരക്കുട്ടികള്‍ വരെ വിളിക്കുന്നത് ശിവന്‍കുട്ടി എന്നാണ്. പൂക്കാലത്തിലെ വേണുച്ചനും അതുപോലെ തന്നെ വരുമെന്നാണ് ഞാന്‍ കരുതുന്നത്. സിനിമയുടെ സെറ്റില്‍ ഞങ്ങളെല്ലാം പരസ്പരം കഥാപാത്രത്തിന്റെ പേരാണ് വിളിച്ചിരുന്നത്.

എന്നെ വേണുച്ചനെന്നും കുട്ടേട്ടനെ ഞങ്ങളെല്ലാവരും ഇച്ചാപ്പന്‍ എന്നുമാണ് വിളിച്ചിരുന്നത്. എല്‍സമ്മ, റോസമ്മ എന്നൊക്കെയാണ് മക്കളുടെ പേര്. അങ്ങനെയൊക്കെ തന്നെയാണ് അവരെയും വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ പേരൊക്കെ വേഗം ആളുകള്‍ക്കും പരിചിതമാകും. പിന്നെ അത് മാത്രമല്ല ഓരോ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൊടുത്ത് കൊണ്ട് തന്നെയാണ് കഥ ചെയ്തിട്ടുള്ളത്.

സിനിമയില്‍ പുതുമുഖങ്ങളായിട്ടുള്ള ആളുകള്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ രണ്ട് ഇരട്ടകള്‍ വരുന്നുണ്ട്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിക്കുന്നത്. പിന്നെ ഗിന്നസ് എന്ന കഥാപാത്രം ചെയ്യുന്ന പയ്യനുണ്ട്. അവരൊന്നും പുതുമുഖങ്ങള്‍ ആണെന്ന സങ്കോചമില്ലാതെയാണ് അഭിനയിച്ചത്.

പിന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് പൂക്കാലം. എല്ലാവരും തിയേറ്ററില്‍ പോയി കണ്ട് സിനിമ വിജയിപ്പിക്കുക. അതുപോലെ തന്നെ അഭിപ്രായങ്ങള്‍ അറിയിക്കുക. എന്റെ അഭിപ്രായത്തില്‍ കുടുംബ ചിത്രങ്ങള്‍ ഇനിയും വരേണ്ടതുണ്ട്,’ അബു സലീം പറഞ്ഞു.

content highlight: abu salim about his new movie pookaalam

We use cookies to give you the best possible experience. Learn more