ന്യൂദല്‍ഹി :മുബൈ ഭീകരാക്രമണക്കേസില്‍ അറസ്റ്റിലായ അബു ജിന്‍ഡാല്‍ സംഘാംഗങ്ങളുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചിരുന്നത് അശ്ലീല വെബ്‌സൈറ്റുകളായിരുന്നെന്ന് ജിന്‍ഡാലിന്റെ വെളിപ്പെടുത്തല്‍. ഇന്റലിജന്‍സ് ഏജന്‍സികള്‍ ശ്രദ്ധിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ഇത്തരം വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതെന്നും ഇയാള്‍ പറഞ്ഞതായി അറിയുന്നു.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളും പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളുമാണ് പൊതുവേ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിക്കാറ്.
2006 ല്‍ ഔറംഗാബാദില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിനും വളരെ മുമ്പ് തന്നെ അശ്ലീല വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായും ജിന്‍ഡാല്‍ വെളിപ്പെടുത്തി. മുംബൈ ഭീകരാക്രമണത്തില്‍ കറാച്ചിയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയവരുടെ കൂട്ടത്തില്‍ അബു ജിന്‍ഡാലുമുണ്ടായിരുന്നു.
ഔറംഗാബാദിലെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നുമാണ് ജിന്‍ഡാല്‍ കൂട്ടാളികളുമായി ആശയവിനിമയം നടത്തിയിരുന്നത്.
ലഷ്‌കറെ തോയിബ പ്രവര്‍ത്തകനായ അബു ജിന്‍ഡാല്‍ എന്ന സെയ്ദ് സബിയുദ്ദീന്‍ അന്‍സാരിയെ കഴിഞ്ഞ 25 ാം തിയ്യതിയാണ് ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടുന്നത്. അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ മുംബൈ ആക്രമണം നടത്തുമ്പോള്‍ അബു ജിന്‍ഡാല്‍ അടക്കം ആറു പേര്‍ കറാച്ചിയിലെ സങ്കേതത്തിലിരുന്ന് നിര്‍ദ്ദേശം നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.