അബുദാബി ടി-10 ലീഗിലെ ഏറ്റവും ചെറിയ ടീം ടോട്ടലെന്ന മോശം റെക്കോഡ് സ്വന്തമാക്കി ദല്‍ഹി ബുള്‍സ്. കഴിഞ്ഞ ദിവസം ന്യൂ യോര്‍ക് സ്‌ട്രൈക്കേഴ്‌സിനതിരായ മത്സരത്തില്‍ വെറും 31 റണ്‍സിനാണ് ബുള്‍സ് ഓള്‍ ഔട്ടായത്.
ഡ്വെയ്ന്‍ ബ്രാവോ, ക്വിന്റണ്‍ ഡി കോക്ക് അടക്കമുള്ള സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ബുള്‍സിന് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. സ്‌ട്രൈക്കേഴ്‌സ് ഉയര്‍ത്തിയ 99 റണ്‍സിന്റെ ടോട്ടല്‍ പിന്തുടരവെയാണ് ബുള്‍സ് 31ന് ഓള്‍ ഔട്ടായത്.
മത്സരത്തില്‍ ടോസ് നേടിയ ബുള്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. അത്ര മികച്ച തുടക്കമായിരുന്നില്ല സ്‌ട്രൈക്കേഴ്‌സിന് ലഭിച്ചത്. സ്‌കോര്‍ 14ല്‍ നില്‍ക്കവെ ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് പന്തില്‍ 11 റണ്‍സ് നേടിയ മാര്‍ക് ദയാലാണ് പുറത്തായത്.
പിന്നാലെ നാല് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായി മുഹമ്മദ് വസീം, രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി കുശാല്‍ പെരേര എന്നിവരും പുറത്തായി. 17 റണ്‍സിന് മൂന്ന് എന്ന നിലയിലേക്കാണ് സ്‌ട്രൈക്കേഴ്‌സ് കൂപ്പുകുത്തിയത്.
ടീം സ്‌കോര്‍ 35ല്‍ നില്‍ക്കവെ ഏഴ് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡും പുറത്തായി.
എന്നാല്‍ ഓപ്പണറുടെ റോളിലെത്തിയ റഹ്‌മാനുള്ള ഗുര്‍ബാസ് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒരറ്റത്ത് നിന്നും പതിയെ റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ച ഗുര്‍ബാസ് ആറാം നമ്പറില്‍ ഇറങ്ങിയ ഒഡിയന്‍ സ്മിത്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
അഞ്ച് സിക്‌സറും രണ്ട് ഫോറും അടക്കം 24 പന്തില്‍ പുറത്താകാതെ 49 റണ്‍സാണ് ഗുര്‍ബാസ് സ്വന്തമാക്കിയത്. 15 പന്തില്‍ 25 റണ്‍സടിച്ച് സ്മിത്തും പുറത്താകാതെ നിന്നു. എക്‌സ്ട്രാസ് ഇനത്തില്‍ എട്ട് റണ്‍സ് കൂടി ലഭിച്ചതോടെ ന്യൂ യോര്‍ക് സ്‌ട്രൈക്കേഴ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 98 റണ്‍സ് നേടി.
99 റണ്‍സ് എന്ന ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ബുള്‍സിന് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീണിരുന്നു.
രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ടീം സ്‌കോര്‍ എട്ടില്‍ നില്‍ക്കവെ മൂന്നാം വിക്കറ്റും 11ല്‍ നില്‍ക്കവെ നാലാം വിക്കറ്റും നഷ്ടമായി. ടോട്ടലിലേക്ക് അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ വീണ്ടും നാല് വിക്കറ്റുകള്‍ കൂടി നിലംപൊത്തി.
ഒടുവില്‍ 3 പന്ത് ശേഷിക്കെ ബുള്‍സ് വെറും 31 റണ്‍സിന് ഓള്‍ ഔട്ടായി. 16 പന്തില്‍ 16 റണ്‍സ് നേടിയ രവി ബൊപ്പാര മാത്രമാണ് ബുള്‍സ് നിരയില്‍ ഇരട്ടയക്കം കണ്ടത്.
സ്‌ട്രൈക്കേഴ്‌സിനായി ചമീക കരുണരത്‌നെയും ആകീല്‍ ഹൊസൈനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സുനില്‍ നരെയ്ന്‍, മുഹമ്മദ് ജവാദുല്ല, മുഹമ്മദ് ആമിര്‍, ഓഡിയന്‍ സ്മിത് എന്നിവര്‍ ചേര്‍ന്നാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.
ക്വിന്റണ്‍ ഡി കോക്ക് എട്ട് പന്തില്‍ അഞ്ച് റണ്‍സ് നേടി പുറത്തായപ്പോള്‍ റിലി റൂസോ നാലിനും റോവ്മന്‍ പവല്‍ രണ്ടിനും പുറത്തായി. ഗോള്‍ഡന്‍ ഡക്കായാണ് ഡ്വെയ്ന്‍ ബ്രാവോ മടങ്ങിയത്. ഇത്രയും ഗംഭീര താരങ്ങളുണ്ടായിട്ടും 31 റണ്‍സിന് ടീം പുറത്തായതിന്റെ ഞെട്ടലിലാണ് ആരാധകര്‍.
ബുധനാഴ്ചയാണ് ദല്‍ഹി ബുള്‍സിന്റെ അടുത്ത മത്സരം. നോര്‍ത്തേണ്‍ വാറിയേഴ്‌സാണ് എതിരാളികള്‍.
Content Highlight: Abu Dhabi T10, New York Strikers defeated Delhi Bulls