അബുദാബി: യു.എ.ഇയില്‍ ഇസ്‌ലാം ഇതര വിഭാഗങ്ങളിലെ ആളുകള്‍ക്കായി പ്രത്യേക വ്യക്തിനിയമം നടപ്പാക്കുന്നു.
ഇസ്‌ലാം മത വിശ്വാസികളല്ലാത്തവര്‍ക്കായാണ് അബുദാബി എമിറേറ്റില്‍ പ്രത്യേക വ്യക്തിനിയമം രൂപീകരിച്ചത്. ഇസ്‌ലാം ഇതര മതസ്ഥര്‍ക്ക് ഇനി വിവാഹത്തിനും വിവാഹമോചനത്തിനുമടക്കം പുതിയ സിവില്‍ നിയമമനുസരിച്ച് രാജ്യാന്തര നിയമ പരിരക്ഷ ലഭിക്കും.
ഞായറാഴ്ചയാണ് അബുദാബി ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സയെദ് അല്‍-നഹയന്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇസ്‌ലാമിക് ശരീഅത്ത് നിയമമനുസരിച്ചായിരുന്നു യു.എ.ഇയില്‍ ഇതുവരെ വിവാഹങ്ങളും വിവാഹമോചനങ്ങളും നടന്നിരുന്നത്.
സംയുക്തമായി കുഞ്ഞിന്റെ കസ്റ്റഡി ഏറ്റെടുക്കുന്നത്, പിതൃത്വം തെളിയിക്കുന്നത്, ജീവനാംശം, അനന്തരാവകാശം എന്നിവയ്ക്കും പുതിയ സിവില്‍ നിയമം ബാധകമായിരിക്കും.
ഇസ്‌ലാം ഇതര കുടുംബങ്ങളിലെ കേസുകള്‍ നടത്തുന്നതിന് അബുദാബിയില്‍ പുതിയ കോടതി സ്ഥാപിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇംഗ്ലീഷിലും അറബിയിലുമായിരിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍.
കഴിഞ്ഞ വര്‍ഷവും യു.എ.ഇ അവരുടെ നിയമസംവിധാനങ്ങളില്‍ കാതലായ മാറ്റം കൊണ്ടുവന്നിരുന്നു. മദ്യ ഉപയോഗം, വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം എന്നിവ ക്രിമിനല്‍ കുറ്റങ്ങളായിരുന്നതാണ് കഴിഞ്ഞ വര്‍ഷം ഡീക്രിമിനലൈസ് ചെയ്തത്.