തുടര്‍ച്ചയായി ആറാം തവണയും സുരക്ഷിത നഗരമായി അബുദാബി; ദുബായ്, ഷാര്‍ജ ടോപ് 10ല്‍
World News
തുടര്‍ച്ചയായി ആറാം തവണയും സുരക്ഷിത നഗരമായി അബുദാബി; ദുബായ്, ഷാര്‍ജ ടോപ് 10ല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st January 2022, 4:29 pm

അബുദാബി: തുടര്‍ച്ചയായ ആറാം വര്‍ഷവും ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി യു.എ.ഇ തലസ്ഥാനമായ അബുദാബി തെരഞ്ഞെടുക്കുപ്പെട്ടു.

ആഗോള ഡാറ്റാബേസ് സ്ഥാപനമായ നമ്പ്യോയുടെ സേഫ്റ്റി ഇന്‍ഡക്‌സാണ് (Numbeo Safety Index) ലോകത്തെ സുരക്ഷിതമായ പത്ത് നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയത്.

പട്ടികയില്‍ യു.എ.ഇ നഗരങ്ങള്‍ തന്നെയായ ഷാര്‍ജ നാലാം സ്ഥാനത്തും ദുബായ് എട്ടാം സ്ഥാനത്തുമാണ്.

പട്ടികയില്‍ 88.4 ആണ് അബുദാബിയുടെ സേഫ്റ്റി ഇന്‍ഡക്‌സ്. ഇതോടെയാണ്, ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി പട്ടികയില്‍ തലപ്പത്തെത്തിയത്.

459 നഗരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. വെബ്‌സൈറ്റിലൂടെ ആളുകള്‍ നല്‍കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.

ജീവിതച്ചെലവ്, മലിനീകരണം, സുരക്ഷ, കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ജനങ്ങളില്‍ നിന്നും അഭിപ്രായശേഖരണം നടത്തിയാണ് അന്തിമപട്ടിക പുറത്തുവിട്ടത്.

അബുദാബി, കുറ്റകൃത്യങ്ങളുടെയും ലഹരിമരുന്നുകളുടെയും കാര്യത്തില്‍ മോശം സ്‌കോറാണ് നേടിയതെങ്കിലും സുരക്ഷയുടെ കാര്യത്തിലെ മികച്ച പ്രകടനമാണ് സിറ്റിയെ പട്ടികയില്‍ മുകളിലെത്തിച്ചത്.

2009ലാണ് Numbeo എന്ന ഓണ്‍ലൈന്‍ ഡാറ്റാബേസ് സ്ഥാപിക്കപ്പെട്ടത്.

ഒറ്റക്ക് രാത്രിയാത്ര ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന ബഹുമതിയും ഈയിടെ യു.എ.ഇക്ക് ലഭിച്ചിരുന്നു. ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ റിപ്പോര്‍ട്ടിലായിരുന്നു യു.എ.ഇയുടെ ഈ നേട്ടം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Abu Dhabi ranked world’s safest city for 6th time, Dubai and Sharjah in top 10