| Tuesday, 4th January 2022, 7:59 pm

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്'; 50 കോടി സ്വന്തമാക്കി പ്രവാസി മലയാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ 235ാമത് സീരിസിന്റെ 25 മില്യണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 25 കോടി ദിര്‍ഹം (ഏകദേശം 50 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണി.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡിസംബര്‍ 31 ന് വാങ്ങിയ 232976 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഹരിദാസന് ലഭിച്ചത്.

അബുദാബിയിലെ മുസ്സഫാഹ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ് ഹരിദാസന്‍. തനിക്കിത് വിശ്വസിക്കാനായില്ലെന്നും ഈ പുതുവര്‍ഷത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാമാണ് ഗ്രാന്‍ഡ് പ്രൈസെന്നും ഹരിദാസന്‍ ഖലീജ് ടൈംസിനോട് പ്രതികരിച്ചു.

ബിഗ് ടിക്ക്റ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്കാണ് രണ്ടും, മൂന്നും, നാലും, അഞ്ചും പ്രൈസുകള്‍ ലഭിച്ചത്. 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചത് ഇന്ത്യക്കാരനായ അശ്വിന്‍ അരവിന്ദാക്ഷനാണ്. ഡിസംബര്‍ 16ന് എടുത്ത 390843 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിനര്‍ഹമായത്.

മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ദീപക് രാംചന്ദ് ഭാട്ടിയയാണ്. 096192 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിനര്‍ഹമായി. ഇന്ത്യയില്‍ നിന്നുള്ള തേജസ് ഹാല്‍ബേ എടുത്ത 291978 എന്ന ടിക്കറ്റാണ് നാലാം സമ്മാനമായ 90,000 ലഭിച്ചത്.

അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കിയത് ദിനേഷ് ഹാര്‍ലേയും 70,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം സ്വന്തമാക്കിയത് സുനില്‍കുമാര്‍ ശശിധരനുമാണ് ഇരുവരും ഇന്ത്യക്കാരാണ്.

ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ കോനേറു മസെറാതി കാര്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസിയായ അശോക് കുമാര്‍ സ്വന്തമാക്കി.

ജനുവരിയില്‍ നടക്കുന്ന മറ്റൊരു നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി 2.2 കോടി (44 കോടി) രൂപയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇതു കൂടാതെ എല്ലാ ആഴ്ചയിലും 2,50,000 ദിര്‍ഹത്തിന്റെ നറുക്കെടുപ്പും നടക്കുന്നുണ്ട്.

ചിത്രം കടപ്പാട്: റിപ്പോര്‍ട്ടര്‍ ടി.വി

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: abu-dhabi-big-ticket-lottery-pravasi-malayalee-wins-dh25-crore-grand-prize

We use cookies to give you the best possible experience. Learn more