| Thursday, 26th November 2020, 1:17 pm

'ഇത് വലിയ തെറ്റ്'; പ്രതിഷേധിക്കാനുള്ളത് ഭരണഘടനാപരമായ അവകാശം; കര്‍ഷക മാര്‍ച്ച് അടിച്ചമര്‍ത്തുന്നതിനെതിരെ അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ തടയുന്നത് വലിയ തെറ്റാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ട്വിറ്ററിലൂടെയാണ് കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയത്.

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ അവതരിപ്പിച്ച് മൂന്ന് ബില്ലുകളും കര്‍ഷക വിരുദ്ധമാണ്. അവ പിന്‍വലിക്കുന്നതിന് പകരം സമാധാനപരമായി സമരം നടത്തുന്നതില്‍ നിന്നും കര്‍ഷകരെ തടയുകയാണ്.

അവര്‍ക്ക് നേരെ ജലപീരങ്കികള്‍ പ്രയോഗിക്കുകയാണ്. ഇത് വലിയ തെറ്റാണ്, സമാധാനപരമായി പ്രതിഷധിക്കാനുള്ളത് ഭരണഘടന നല്‍കുന്ന അവകാശമാണ്. കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

കാര്‍ഷിക നിയമത്തിനെതിരായി നടക്കുന്ന ‘ദല്‍ഹി ചലോ’ മാര്‍ച്ചിന് നേരെ ഹരിയാനയില്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ അംബാലയ്ക്ക് സമീപം പൊലീസ് മാര്‍ച്ചിനായി പുറപ്പെട്ട കര്‍ഷകരെ തടയുന്നത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. സമാധാനപരമായി മാര്‍ച്ച് ചെയ്ത് വന്ന കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു.

പിന്നാലെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്.

കര്‍ഷക മാര്‍ച്ചിനെ തടയാന്‍ പൊലീസ് ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡും ലോറികളില്‍ മണ്ണും എത്തിച്ചിട്ടുണ്ട്.
ദല്‍ഹിയിലേക്ക് ഒരു കര്‍ഷകനെ പോലും കടത്തിവിടില്ലെന്നാണ് ദല്‍ഹി പൊലീസിന്റെ തീരുമാനം.

അതേസമയം ഏത് വിധേനയും അതിര്‍ത്തി കടന്ന് ദല്‍ഹിയിലെത്താനാണ് കര്‍ഷകരുടെ തീരുമാനം. വിജയം കാണാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍ പറയുന്നത്. രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ ചലോ ദല്‍ഹി മാര്‍ച്ചുമായി ദല്‍ഹിയില്‍ എത്തിച്ചേരുക.രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500-ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Absolutely Wrong” To Stop Farmers From Peaceful Protests: Arvind Kejriwal

We use cookies to give you the best possible experience. Learn more