വീഡിയോ സമ്പൂര്‍ണ അസംബന്ധം; നവജാത ശിശുവിനോട് ചെയ്തത് മൂന്നാം മുറയെക്കാള്‍ ഭീകരം: ഡോ. സൗമ്യ സരിന്‍
Kerala News
വീഡിയോ സമ്പൂര്‍ണ അസംബന്ധം; നവജാത ശിശുവിനോട് ചെയ്തത് മൂന്നാം മുറയെക്കാള്‍ ഭീകരം: ഡോ. സൗമ്യ സരിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th June 2023, 6:48 pm

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നവജാത ശിശുവിന്റെ വീഡിയോക്ക് വിമര്‍ശനവുമായി ഡോ. സൗമ്യ സരിന്‍. കരയാത്ത നവജാത ശിശുവിനെ പല മാര്‍ഗങ്ങളിലൂടെ കരയിപ്പിക്കുന്ന വീഡിയോ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത് അടക്കം ഈ വീഡിയേ പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ വീഡിയോയിലുള്ളത് സമ്പൂര്‍ണ അസംബന്ധമാണെന്നും കരയാത്ത ഒരു നവജാതശിശുവിന് അത്യാവശ്യം കിട്ടേണ്ട ഒരു ചികിത്സയും ആ കുഞ്ഞിന് കിട്ടിയിട്ടില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പൂവിനെപ്പോലെ കൈകാര്യം ചെയ്യേണ്ടവരാണ് നവജാതശിശുക്കളെന്നും ഇവിടെ കുഞ്ഞിനോട് പെരുമാറിയത് മൂന്നാം മുറയേക്കാള്‍ ഭീകരമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു പൂവിനെ പോലെ കൈകാര്യം ചെയ്യേണ്ടവരാണ് നവജാതശിശുക്കള്‍. അധികമായി ഉണ്ടാകുന്ന ഒരു കുലുക്കമോ അനക്കമോ ഒക്കെ അവരുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാക്കും. ഇവിടെ ആ കുഞ്ഞിനെ എന്തൊക്കെയാണ് ചെയ്യുന്നത്?

ബാക്കില്‍ മൃദുവായി തടവുന്നതിന് പകരം എത്ര പ്രാകൃതമായാണ് ആ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത്! തല കീഴായി തൂക്കുന്നു, പുറം ഭാഗത്ത് തല്ലുന്നു! മൂന്നാം മുറയെക്കാള്‍ ഭീകരമാണിത്. അതും പോരാഞ്ഞ് നെഞ്ചില്‍ പിടിച്ചു അമര്‍ത്തുന്നു.

അഞ്ച് മിനുട്ട് കഴിഞ്ഞ് കുഞ്ഞു കരയുന്നു. ഈ ചെയ്തതിന്റെ ഫലമായാണ് കുഞ്ഞു കരഞ്ഞത് എന്ന് ദയവു ചെയ്ത് കരുതല്ലേ. തൊണ്ണൂറ് ശതമാനം കുഞ്ഞുങ്ങളും ചെറിയ സ്റ്റിമുലേഷനില്‍ തന്നെ കരയുന്നവരാണ്. പക്ഷെ ഈ കുഞ്ഞിന്റെ മാതാപിതാക്കള്‍ ഈ ജീവനക്കാര്‍ ചെയ്തതിന്റെ ഫലം അനുഭവിച്ചാല്‍ ഈ ജന്മം മുഴുവന്‍ കരയേണ്ടി വരും,’ അവര്‍ പറഞ്ഞു.

ഈ കുഞ്ഞിന്റെ തലച്ചോറില്‍ രക്തസ്രാവവും ഓക്‌സിജന്‍ ലഭ്യത കുറവും ഉണ്ടായിട്ടുണ്ടാകുമെന്നും സൗമ്യ പറയുന്നു. അതിന്റെ ഫലമായി പലവിധം അംഗവൈകല്യങ്ങള്‍ ഉണ്ടാകാമെന്നും അവര്‍ പറയുന്നു. കൃത്യമായ ബോധവല്‍ക്കരണമാണ് ഇത്തരം പ്രവര്‍ത്തികള്‍ നടക്കാതിരിക്കാന്‍ വേണ്ടതെന്നും ഇനിയും നമ്മുടെ രാജ്യത്ത് എത്രയോ ഇടങ്ങളില്‍ അറിവ് എത്താന്‍ ബാക്കി നില്‍ക്കുന്നെന്നും സൗമ്യ പറഞ്ഞു.

നല്ല ഉദ്ദേശത്തോടെ ആണെങ്കിലും മെഡിക്കല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയുമ്പോള്‍ ഒരു തവണ എങ്കിലും ആധികാരികത പരിശോധിക്കണമെന്നും പ്രമുഖരോടായും സൗമ്യ നിര്‍ദേശിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സമ്പൂര്‍ണ അസംബന്ധം! യഥാര്‍ത്ഥ വസ്തുത എല്ലാവരിലേക്കും എത്തിക്കൂ!

കാരണം വൈറല്‍ ആയ ഈ വീഡിയോ ഇനിയും പാവം കുഞ്ഞുങ്ങളുടെ ജീവനെടുത്തേക്കാം! കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മുടെ സോഷ്യല്‍ മീഡിയയില്‍ കിടന്നു കറങ്ങുന്ന വീഡിയോ ആണിത്. പല പ്രമുഖരടക്കം ഷെയര്‍ ചെയ്തിട്ടുണ്ട്.

വ്യൂസ് മില്യണ്‍ കടന്നു. ജനിച്ച ഉടനെ കരയാത്ത കുഞ്ഞിനെ ഒരു ‘കരയിപ്പിച്ച’ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വാനോളം പ്രശംസിച്ച് ആരോ പടച്ചു വിട്ട ഒരു വീഡിയോ. വീഡിയോ വ്യാജമാണെന്ന് തോന്നുന്നില്ല.

ഹിന്ദി ആണ് സംസാരിക്കുന്നത്. അതിനാല്‍ ഉത്തരേന്ത്യയില്‍ എവിടെയോ സംഭവിച്ചതാകാം. സത്യത്തില്‍ ഈ വീഡിയോ കണ്ടപ്പോള്‍ ഞാനും കരഞ്ഞുപോയി സന്തോഷം കൊണ്ടല്ല. ആ കുഞ്ഞിന്റെ ദുരവസ്ഥ ആലോചിച്ചിട്ട്!

കാരണം കരയാത്ത ഒരു നവജാതശിശുവിന് അത്യാവശ്യം കിട്ടേണ്ട ഒരു ചികിത്സയും ആ കുഞ്ഞിന് കിട്ടിയിട്ടില്ല. പകരം കിട്ടിയതോ ഒരിക്കലും ഒരു നവജാതശിശുവിനോട് ചെയ്യാന്‍ പാടില്ലാത്ത ‘പീഡനം!’ ഈ ചെയ്ത ചികിത്സ എന്ന പേരിലുള്ള പീഡനത്തിന്റെ ഫലം ആ കുഞ്ഞു ജീവിതകാലം മുഴുവന്‍ അനുഭവിക്കാന്‍ പോകുകയാണ് എന്നതില്‍ ഒരു സംശയവും ഇല്ല.

ജനിച്ച് ആദ്യ ഒരു മിനിട്ടില്‍ കരയാത്ത കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട ചികിത്സാരീതികള്‍ എന്താണെന്നുള്ളത് ലോകത്ത് മുഴുവന്‍ പൊതുവായി അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോള്‍ ആണ്. അതിന് ‘നിയോനേറ്റല്‍ റീസസിറ്റേഷന്‍ പ്രോഗ്രാം’ എന്ന് പറയും.

ആദ്യത്തെ ഒരു മിനിറ്റില്‍ കരയാത്ത കുഞ്ഞിന് ആദ്യശ്വാസം കൃത്രിമമായി നല്‍കുക എന്നതാണ് ഏറ്റവും മുഖ്യം. അതിന് പല ഉപകരണങ്ങളും ആവശ്യമാണ്. വലിയതൊന്നുമല്ല. ഒരു ക്ലിനിക്കില്‍ പോലും അത്യാവശ്യം ഉണ്ടാവേണ്ട ചില സിമ്പിള്‍ സാധനങ്ങള്‍.

ആമ്പു ബാഗ് എന്നൊക്കെ പറയും ഞങ്ങള്‍. ഇവിടെ അതൊന്നും കാണാനേ ഇല്ല. അത് കൊടുക്കാത്ത പക്ഷം കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ കുറയുകയും കുഞ്ഞിന് പല വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

ഇനി ആ സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത ആശുപത്രി ആണെന്ന് വാദിച്ചാലും അവര്‍ ചെയുന്ന മറ്റു കാര്യങ്ങള്‍ അതിനേക്കാള്‍ ക്രൂരമാണ്. ഒരു പൂവിനെ പോലെ കൈകാര്യം ചെയ്യേണ്ടവരാണ് നവജാതശിശുക്കള്‍. അധികമായി ഉണ്ടാവുന്ന ഒരു കുലുക്കമോ അനക്കമോ ഒക്കെ അവരുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാക്കും. ഇവിടെ ആ കുഞ്ഞിനെ എന്തൊക്കെയാണ് ചെയ്യുന്നത്?

ബാക്കില്‍ മൃദുവായി തടവുന്നതിന് പകരം എത്ര പ്രകൃതമായാണ് ആ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത്! തല കീഴായി തൂക്കുന്നു, പുറം ഭാഗത്തു തല്ലുന്നു! മൂന്നാം മുറയെക്കാള്‍ ഭീകരമാണിത്. അതും പോരാഞ്ഞ് നെഞ്ചില്‍ പിടിച്ചു അമര്‍ത്തുന്നു.

അഞ്ച് മിനുട്ട് കഴിഞ്ഞ് കുഞ്ഞു കരയുന്നു. ഈ ചെയ്തതിന്റെ ഫലമായാണ് കുഞ്ഞു കരഞ്ഞത് എന്ന് ദയവു ചെയ്ത് കരുതല്ലേ. തൊണ്ണൂറ് ശതമാനം കുഞ്ഞുങ്ങളും ചെറിയ സ്റ്റിമുലേഷനില്‍ തന്നെ കരയുന്നവരാണ്. പക്ഷെ ഈ കുഞ്ഞിന്റെ മാതാപിതാക്കള്‍ ഈ ജീവനക്കാര്‍ ചെയ്തതിന്റെ ഫലം അനുഭവിച്ചാല്‍ ഈ ജന്മം മുഴുവന്‍ കരയേണ്ടി വരും.

കാരണം ഈ കുഞ്ഞിന്റെ തലച്ചോറില്‍ രക്തസ്രാവവും ഓക്‌സിജന്‍ ലഭ്യത കുറവും ഉണ്ടായിട്ടുണ്ടാകും എന്നത് ഏകദേശം തീര്‍ച്ചയാണ്. അതിന്റെ ഫലമോ, പലവിധം അംഗവൈകല്യങ്ങള്‍ ഉള്ള ഒരു കുഞ്ഞും!
ഞങ്ങള്‍ എം.ബി.ബി.എസ് എടുക്കുമ്പോള്‍ പറയുന്ന പ്രതിജ്ഞയില്‍ പ്രധാനഭാഗം ഒരു മനുഷ്യനെ സഹായിക്കാന്‍ കഴിഞ്ഞില്ലയെങ്കിലും അവര്‍ക്ക് ചികിത്സ വഴി ഒരു ബുദ്ധിമുട്ടുകളും ഉണ്ടാക്കരുത് എന്നതാണ്.

ഓക്‌സിജന്‍ ഇല്ലാത്ത ഒരു ആശുപത്രി ആണെങ്കില്‍ പോലും ഇതില്‍ ചെയ്ത തെറ്റുകള്‍, ആ കുഞ്ഞിനോട് ചെയ്ത പ്രാകൃത രീതികള്‍ ഇവര്‍ക്ക് ഒഴിവാക്കാമായിരുന്നു. അതിന് വേണ്ടത് ബോധവല്‍ക്കരണം ആണ്. ഇനിയും നമ്മുടെ രാജ്യത്ത് എത്രയോ ഇടങ്ങളില്‍ അറിവ് എത്താന്‍ ബാക്കി നില്ക്കുന്നു!

നമുക്ക് ഈ വീഡിയോ പ്രചരിപ്പിക്കാതെ എങ്കിലും ഇരിക്കാം. കാരണം ഇതുകണ്ട ആരെങ്കിലും നാളെ ഇതേ രീതിയില്‍ ഒരു കുഞ്ഞിനെ കൈകാര്യം ചെയ്‌തേക്കാം. പിന്നെ പ്രമുഖരോടാണ്…നല്ല ഉദ്ദേശത്തോടെ ആണെങ്കിലും മെഡിക്കല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയുമ്പോള്‍ ഒരു തവണ എങ്കിലും ആധികാരികത പരിശോധിക്കുക.

നിങ്ങള്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഉണ്ട്. കാരണം നിങ്ങളെ കേള്‍ക്കുന്നത് ലക്ഷങ്ങളാണ്. വിശ്വസിക്കുന്നതും. സത്യം പറയാന്‍ കഴിഞ്ഞില്ലെങ്കിലും ഒരിക്കലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്!

content highlights: Absolute nonsense; What was done to the newborn child is worse than the third generation: Dr. Soumya Sarin