| Friday, 23rd December 2022, 3:46 pm

'VAR' ഇല്ലാത്തത് വലിയ തിരിച്ചടി; മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള തോൽ‌വിയിൽ പ്രതികരിച്ച് ലിവർപൂൾ പരിശീലകൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇ.എഫ്എൽ(കരബാവോ) കപ്പിന്റെ പ്രീ ക്വാർട്ടർ ഘട്ടത്തിൽ പ്രീമിയർ ലീഗിലെ വൻ ശക്തികളായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ വെള്ളിയാഴ്ച പുലർച്ചെ ഏറ്റുമുട്ടിയപ്പോൾ ലിവർപൂൾ പരാജയം നേരിട്ടിരുന്നു.

ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി ജയിച്ചു കയറിയത്. സിറ്റിക്ക് വേണ്ടി ഹാലണ്ട്, മഹ്റസ്, നതാൻ അക്കെ എന്നിവർ സ്കോർ ചെയ്തപ്പോൾ, ലിവർപൂളിനായി ഫാബിയോ കാർവൽഹോ, മൊഹമ്മദ്‌ സലാ എന്നിവർ ഗോളുകൾ നേടി.

എന്നാലിപ്പോൾ ലിവർപൂളിന്റെ പരാജയത്തിന് ശേഷം മത്സരത്തിൽ ‘VAR’ ഉപയോഗപ്പെടുത്താത്തതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ലിവർപൂൾ പരിശീലകൻയോർഗൻ ക്ലോപ്പ്. കരബാവൊ കപ്പിൽ സെമി ഫൈനൽ ഘട്ടം മുതലേ ‘VAR’ ഉപയോഗപ്പെടുത്തുകയുള്ളൂ.

‘എനിക്ക് തോന്നുന്നത് നമ്മുടെ പക്കൽ ‘VAR’ ഉള്ളപ്പോൾ അത് തീർച്ചയായും റഫറിമാർ ഉപയോഗപ്പെടുത്തണമെന്നാണ്. പക്ഷെ അവർ പറയുന്നത് അത് ഉപയോഗിക്കാൻ സമയമായിട്ടില്ലെന്നാണ്. നമ്മുടെ കയ്യിൽ ടെക്നോളജി ലഭ്യമായ അവസ്ഥയിൽ അത് ഉപയോഗിക്കാതിരിക്കുന്നതിൽ ന്യായമൊന്നുമില്ല,’ അദ്ദേഹം പറഞ്ഞു.

കൂടാതെ സിറ്റി-ലിവർപൂൾ പോലെയുള്ള വലിയ മത്സരങ്ങൾ നടക്കുമ്പോൾ ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടിൽ ‘VAR’ ലഭ്യമായിരിക്കുമ്പോൾ അത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ മത്സരത്തിൽ റഫറിമാരുടെ നിലവാരം തീരെ മോശമായിരുന്നെന്നും മത്സരത്തിലെ ആദ്യത്തെ ഗോൾ ഉൾപ്പെടെ ഓഫ്സൈഡ് ആയിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഹാലണ്ടിന് ലഭിച്ച മത്സരം തുടങ്ങുമ്പോൾ തന്നെയുള്ള ആദ്യ അവസരം അത് കൃത്യം ഓഫ്സൈഡ് ആണ്. അതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്,’
പറഞ്ഞു.

മത്സരത്തിൽ വിജയിക്കാൻ സാധിച്ചതോടെ സിറ്റി സെമിഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ജനുവരി 10ന് സതാംപ്ടനെതിരെയാണ് സിറ്റിയുടെ സെമി ഫൈനൽ പോരാട്ടം.

സിറ്റിയെ കൂടാതെ പ്രീമിയർ ലീഗിൽ നിന്നും ആറ് ക്ലബ്ബുകൾ കൂടി കരബാവോ കപ്പിന്റെ സെമി ഫൈനൽ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.
ചാൾട്ടൻ എഫ്.സി യാണ് പ്രീമിയർ ലീഗിന് പുറത്ത് നിന്നും സെമി ഫൈനലിലേക്ക് യോഗ്യത നേടിയ ക്ലബ്ബ്.

ഇംഗ്ലണ്ടിലെ വിവിധ ഫുട്ബോൾ ലീഗുകളിൽ നിന്നുള്ള 92 ക്ലബ്ബുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ടൂർണമെന്റാണ് ഇ.എഫ്.എൽ കപ്പ്‌. തോൽക്കുന്ന ടീമുകൾ മത്സരത്തിൽ നിന്നും പുറത്ത് പോകുന്ന രീതിയിലാണ് ടൂർണമെന്റിന്റെ ഘടന.

അതേസമയം മത്സരത്തിൽ പരാജപ്പെടുമ്പോൾ വിവിധ വാദമുഖങ്ങൾ ഉന്നയിച്ച് ക്ലോപ്പ് മുന്നോട്ട് വരുന്നത് ഇത് ആദ്യമായല്ല. മുമ്പ് പ്രീമിയർ ലീഗിലെ തോൽവിക്ക് ശേഷം ഗ്രൗണ്ടിലെ പുല്ലിൽ ഈർപ്പമുള്ളത് കാരണമാണ് മത്സരം പരാജയപ്പെട്ടത് എന്ന വിചിത്ര ആരോപണവുമായി ക്ലോപ്പ് മുന്നോട്ട് വന്നിരുന്നു.

Content Highlights: Absence of ‘VAR’ is a big setback; Liverpool coach reacts to defeat against Manchester City

We use cookies to give you the best possible experience. Learn more