2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം വ്യാഴാഴ്ച ആയിരുന്നു നടന്നത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങാന്‍ മമ്മൂട്ടി എത്തിയിരുന്നില്ല.
മമ്മൂട്ടിക്ക് പകരം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ അവാര്‍ഡ് വിതരണ ചടങ്ങിലെ മമ്മൂട്ടിയുടെ അഭാവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മലയാള സിനിമ ആഘോഷമാക്കേണ്ട ഒരു ഐക്കോണിക്ക് ഫോട്ടോ നഷ്ടപ്പെട്ടു എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
മലയാള സിനിമയില്‍ തന്നെ ഐക്കോണിക്ക് ആയി മാറേണ്ട എക്കാലത്തും നിറഞ്ഞു നില്‍ക്കേണ്ട, മമ്മൂട്ടി അവാര്‍ഡ് ഏറ്റുവാങ്ങുന്ന ഫോട്ടോ നഷ്ടപ്പെട്ട നിരാശയാണ് ആരാധകര്‍ പങ്കുവെക്കുന്നത്.
അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മരിച്ച സമയം ആയത് കൊണ്ട് മമ്മൂട്ടി പരസ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നാകേണ്ട പരിപാടിയില്‍ മമ്മൂട്ടി പങ്കെടുക്കുന്നത് കാണാന്‍ കഴിയാത്തത്തില്‍ ആരാധകര്‍ എന്ന നിലയില്‍ ഒരുപാട് നിരാശ തോന്നുന്നുവെന്നും കുറേ കാലമായി കാത്തിരുന്ന നിമിഷമാണ് കയ്യത്തും ദൂരത്ത് നിന്ന് നഷ്ട്ടമായതെന്നും വലിയ നിരാശ തോന്നുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ സഹോദരി ആമിന മരണപ്പെട്ടത്. ഇതിനെ തുടര്‍ന്നാവാം താരം അവാര്‍ഡ് സ്വീകരിക്കാന്‍ എത്താതിരുന്നതെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിരവധി പേര്‍ പറയുന്നു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്.