ന്യൂദല്‍ഹി: പുതിയ ക്രിമിനല്‍ നിയമപ്രകാരം നിര്‍ബന്ധിത ലൈംഗികതയ്ക്ക് വിധേയമാക്കിയവരെ ശിക്ഷിക്കാന്‍ വകുപ്പുകള്‍ ഇല്ലെന്നും ശിക്ഷയുടെ അഭാവം പരിഹരിക്കണമെന്നും ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.
പുതിയ ക്രിമിനല്‍ നിയമപ്രകാരം നിര്‍ബന്ധിതമായി ഒരു പുരുഷന്‍ മറ്റൊരു പുരുഷനെ ലൈംഗികമായി പീഡിപ്പിച്ചാല്‍ ആക്രമണം നേരിട്ട പുരുഷന് നിയമപരിരക്ഷ നേടിക്കൊടുക്കാന്‍ വകുപ്പുകളില്ലെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരമായി ജൂലൈ ഒന്നിന് നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിതയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാ വ്യവസ്ഥകള്‍ ഒഴിവാക്കിയതിനെ തുടര്‍ന്നുവന്ന ഹരജിയെ അടിസ്ഥാനമാക്കിയാണ് കോടതി കേന്ദ്രത്തോട് പകരം നിയമം ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത്.
പുതിയ നിയമപ്രകാരം ഇത്തരം വിഷയങ്ങളില്‍ നീതി നടപ്പാക്കുന്നതിനുള്ള വകുപ്പുകള്‍ ചേര്‍ക്കുന്നതില്‍ നിയമപരമായ വീഴ്ച സംഭവിച്ചെന്ന് ഹരജിയില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 പ്രകാരം നിര്‍ബന്ധിതമായി ഏതൊരു പുരുഷനോടോ സ്ത്രീയോടോ ലൈംഗികബന്ധം പുലര്‍ത്തുന്നത് പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അതേസമയം രണ്ട് പേരുടെയും സമ്മതത്തോടുകൂടിയും സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഈ വകുപ്പ് പ്രകാരം ക്രിമിനല്‍ കുറ്റമായിരുന്നു.
എന്നാല്‍ ഭാരതീയ ന്യായസംഹിതയില്‍ അത്തരത്തിലുള്ള നിയമങ്ങളൊന്നും തന്നെയില്ല. അത് കൊണ്ടുതന്നെ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‌സ്‌ജെന്‍ഡര്‍, ക്വീര്‍, ഇന്റര്‍സെക്‌സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് നിലവില്‍ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് പരിരക്ഷ ലഭിക്കുന്നില്ല.
അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തരമായ സാഹചര്യമുണ്ടെന്നും വേഗത്തില്‍ തന്നെ ഈ നിയമത്തിലുള്ള അഭാവം നികത്തണമെന്നും കോടതി കേന്ദ്രത്തോട് വ്യക്തമാക്കി.
നിയമം പുനര്‍പരിശോധിക്കുന്നത് വരെ ഇടക്കാല ആശ്വാസമെന്ന നിലയില്‍ 377ാം വകുപ്പ് നടപ്പാക്കാമെന്നും കോടതി പറഞ്ഞു.
Content Highlight: absence indian law of impunity for forced sex must be addresed: delhi highcourt