ന്യൂദല്‍ഹി:കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടന വിരുദ്ധമാണെന്നും. മേഖലയിലെ വിലക്കുകള്‍ അധികകാലം തുടര്‍ന്നു കൊണ്ടുപോകാനാകില്ലെന്നും സുപ്രീം കോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍പേര്‍സണുമായ പി.ബി സാവന്ത്. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ ലേഖനത്തിലാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേ സമയം പാക്കിസ്ഥാന് കശ്മീരിന്റെ മേല്‍ യാതൊരു അധികാരവുമില്ലെന്നും കശ്മീരികളും ഇന്ത്യയും തമ്മിലുള്ള വിഷയമാണ് ഇതെന്നും ഇദ്ദേഹം വ്യക്തമാക്കി.
1948 ല്‍ ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമായപ്പോള്‍ ഉണ്ടാക്കിയ കരാറില്‍ പ്രത്യേക വ്യവസ്ഥയുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുണ്ടാക്കുന്ന സമയത്ത് തന്നെ ഇതു പ്രകാരമുള്ള ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണ്.
ആര്‍ട്ടിക്കിള്‍ 370 ന്റെ 3ാം അനുബന്ധ വകുപ്പില്‍ ജമ്മു കശ്മീരിന്റെ നിയമസഭാ അനുമതിയില്ലാതെ ആര്‍ട്ടിക്കിള്‍ 370 ല്‍ മാറ്റം വരുത്താന്‍ അനുവാദമില്ലെന്നും പറയുന്നുണ്ട്. ഇത് ഭരണഘടനാ ഭേദഗതി സാധ്യമാക്കുന്ന ആര്‍ട്ടിക്കിള്‍ 368 നെ ഖണ്ഡിക്കുന്നതാണ്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ആഘോഷിക്കുന്നവര്‍ മനസ്സിലാക്കാത്ത ഒരു പ്രധാനകാര്യം ഇന്ത്യക്ക് കശ്മീരിലേക്കുള്ള നിയമപരമായ പ്രവേശന അനുമതി ആണ് യഥാര്‍ഥത്തില്‍ ആര്‍ട്ടിക്കിള്‍ 370 എന്നും ഏകപക്ഷീയമായി ഭരണഘടനാ അനുഛേദം റദ്ദു ചെയ്യുന്നതിലൂടെ കശ്മീരിന് മേല്‍ ഇന്ത്യയ്ക്കുള്ള അധികാരമാണ് അപകടത്തിലാവുന്നതെന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി അവര്‍ക്കു തന്നെ തിരിച്ചടിയാവുമെന്നും പി.ബി സാവന്ത് ലേഖനത്തില്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീരിലെ മിക്ക രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കലിനാണ്, ആശയ വിനിമയം സാധ്യമാകുന്നില്ല.കശ്മീരികളില്‍ ഇക്കാര്യങ്ങളിലൊക്കെ അസംതൃപ്തി ഉണ്ട്. അവരെ ഒരു പാടുകാലം ഇത്തരത്തില്‍ അടിച്ചമര്‍ത്താന്‍ പറ്റില്ല എന്നാണ് ചരിത്രവും സാമാന്യബോധവും വ്യക്തമാക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വിജയിക്കണമെങ്കില്‍ കശ്മീരികളുടെ അനുഭാവം പിടിച്ചു പറ്റണമെന്നും അതിന് പരുഷമായ പ്രതിഛായ മാറ്റി യാഥാര്‍ഥ്യ ബോധ്യത്തോടെയുള്ള സമീപനത്തിലൂടെ കശ്മീരികളുടെ വിശ്വാസം നേടിയെടുക്കുക മാത്രമാണ് വഴിയെന്നും അദ്ദേഹം പറയുന്നു.
കശ്മീരികള്‍ക്ക് നമുക്ക് അവരോടുള്ള ഉദ്ദേശ്യശുദ്ധിയും സാഹോദര്യമനോഭാവും ബോധ്യപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ സംരക്ഷണമില്ലാത്ത പക്ഷം മറ്റു രാജ്യങ്ങള്‍ അവര്‍ക്ക് മേല്‍ അധികാരം സ്ഥാപിക്കുമെന്നതിനാല്‍ ഇന്ത്യയുമായി ഒത്തു പോകാതെ കശ്മീരികള്‍ക്ക് മറ്റു വഴിയില്ല. പാക്കിസ്ഥാനുമായി ലയിക്കുകയാണെങ്കില്‍ പാക്കിസ്ഥാന്‍ സൈന്യകാധിപത്യത്തിന്റെ കീഴിലാവും അവര്‍. അതിനാല്‍ കശ്മീര്‍ ഇന്ത്യയുടെ പ്രധാനഭാഗമാണെന്നും അവരുടെ സംസ്‌കാരവും ജീവിതവും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിനു മേലുള്ള അലങ്കാരമാണെന്നും കശ്മീരികളോട് സഹോദര്യ മനോഭാവം പുലര്‍ത്തണമെന്നും പി.ബി സാവന്ത് പറയുന്നു.