കശ്മീരിലുള്ള മാതാപിതാക്കളെക്കുറിച്ച് 22 ദിവസമായി യാതൊരു വിവരവുമില്ല; കശ്മീരിലെ അടിച്ചമര്‍ത്തലില്‍ കേന്ദ്രത്തിനെതിരെ ഊര്‍മ്മിള മണ്ഡോദ്കര്‍
Kashmir Turmoil
കശ്മീരിലുള്ള മാതാപിതാക്കളെക്കുറിച്ച് 22 ദിവസമായി യാതൊരു വിവരവുമില്ല; കശ്മീരിലെ അടിച്ചമര്‍ത്തലില്‍ കേന്ദ്രത്തിനെതിരെ ഊര്‍മ്മിള മണ്ഡോദ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2019, 12:26 pm

 

ന്യൂദല്‍ഹി: ജമ്മുകശ്മീരി ജനതയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മ്മിള മണ്ഡോദ്കര്‍. കശ്മീരിലുള്ള തന്റെ ഭര്‍തൃ കുടുംബത്തെ കഴിഞ്ഞ 22 ദിവസമായി തങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഊര്‍മ്മിള പറയുന്നത്.

‘ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മാത്രമല്ല പ്രശ്‌നം, അത് മനുഷ്യത്വ രഹിതമായ വഴിയിലൂടെയാണ് ചെയ്തതെന്നതാണ്.’ അവര്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ എന്റെ ഭര്‍തൃ മാതാവും പിതാവും അവിടെയാണ്. രണ്ടുപേരും പ്രമേഹരോഗികളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരുമാണ്. 22 ദിവസമായി എനിക്കോ ഭര്‍ത്താവിനോ അവരോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് വീട്ടില്‍ മരുന്ന് ലഭ്യമാണോയെന്നു പോലും ഞങ്ങള്‍ക്ക് അറിയില്ല.’ അവര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്നതായി കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി കശ്മീരില്‍ ആശയ വിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കുകയും സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ചില മേഖലകളില്‍ ലാന്‍ഡ്‌ലൈന്‍ സംവിധാനം പുനസ്ഥാപിച്ചതൊഴിച്ചാല്‍ മറ്റ് നിയന്ത്രണങ്ങള്‍ തുടരുകയാണ്.

കശ്മീരിലുള്ള ബന്ധുക്കളെ കാണാന്‍ കോടതിയെ സമീപിക്കേണ്ട അവസ്ഥയിലാണ് പല കുടുംബങ്ങളും. കഴിഞ്ഞദിവസം ജാമിയ മിലിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ അലിം സയീദ് സുപ്രീം കോടതി അനുമതിയോടെയാണ് മാതാപിതാക്കളെ കാണാനായി പോയത്.