Advertisement
Entertainment
ഞാന്‍ ഏറെ ബുദ്ധിമുട്ടിയെടുത്ത സിനിമ; ഒരുതരം പരീക്ഷണം തന്നെയായിരുന്നു അത്: എബ്രിഡ് ഷൈന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 23, 03:53 am
Thursday, 23rd January 2025, 9:23 am

എബ്രിഡ് ഷൈന്‍ രചനയും സഹനിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പൂമരം. കാളിദാസ് ജയറാം ആയിരുന്നു ഈ സിനിമയിലെ നായകന്‍. നീത പിള്ളയും ഈ സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

കാളിദാസ് ജയറാം മലയാളത്തില്‍ ആദ്യമായി നായക നടനായി എത്തിയ സിനിമ കൂടെയായിരുന്നു പൂമരം. ഈ ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടാതെ പോയത് എന്തുകൊണ്ടായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂമരം നല്ല ചിത്രമായിരുന്നു. അഞ്ചു ദിവസത്തെ യുവജനോത്സവത്തിന്റെ രാപ്പകലുകളിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. ശരിക്കും ഒരുതരം പരീക്ഷണം തന്നെയായിരുന്നു ആ സിനിമ. യുവജനോത്സവം നടക്കുന്ന അഞ്ചു ദിവസത്തെ രാപ്പകലുകളിലെ വിദ്യാര്‍ത്ഥികളുടെ ആവേശവും അവിടുത്തെ കാറ്റും പൊടിയും ഗന്ധവും വെളിച്ചവും രണ്ട് മണിക്കൂറുള്ള സിനിമയിലേക്ക് ഒതുക്കുകയായിരുന്നു.

ഓരോരുത്തരേയും യുവജനോത്സവത്തിന്റെ നാളുകളിലേക്ക് പൂമരം കൂട്ടിക്കൊണ്ടുപോയി എന്നതാണ് സത്യം. പൂമരത്തിലെ പാട്ടുകള്‍ സിനിമ ഇറങ്ങിയത് മുതല്‍ കലാലയങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മോശമല്ലാത്ത കളക്ഷനും നേടിയിരുന്നു. വളരെയധികം സംതൃപ്തി നല്‍കിയ ചിത്രമായിരുന്നു പൂമരം.

ഭരതനാട്യം, മോഹിനിയാട്ടം, കഥ, കവിത ഉള്‍പ്പെടെയുള്ള യുവജനോത്സവത്തിലെ റിയല്‍ സംഗതികള്‍ ഇഷ്ടപ്പെടുന്നവര്‍ പൂമരം ആസ്വാദ്യകരമായ സിനിമയാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ആര്‍ട്ടും, ലിറ്ററേച്ചറും താത്പ്പര്യമില്ലാത്തവര്‍ക്ക് ചിത്രം ഇഷ്ടപ്പെടില്ലായിരിക്കാം.

എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടിയെടുത്ത ചിത്രമാണിത്. യുവജനോത്സവവേദികളില്‍ ചിത്രശലഭങ്ങളെപ്പോലെ പാറിനടക്കുന്ന കുട്ടികള്‍ ഒരനുഭവം തന്നെയായിരുന്നു. ശരിക്കും പറഞ്ഞാല്‍ യുവജനോത്സവവേദി റീ ക്രിയേറ്റ് ചെയ്ത അനുഭവമായിരുന്നു,’ എബ്രിഡ് ഷൈന്‍ പറഞ്ഞു.

Content Highlight: Abrid Shine Talks About Poomaram Movie