| Wednesday, 20th July 2022, 1:30 pm

ആ സമയത്ത് ചിലപ്പോൾ സന്യാസവേഷവും ധരിച്ച് തെറിയാവും നിവിൻ പറഞ്ഞിട്ടുണ്ടാവുക: എബ്രിഡ് ഷൈൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് മഹാവീര്യർ. ചിത്രത്തിന്റെ പോസ്റ്ററും ട്രെയ്‌ലറുമൊക്കെ ഇറങ്ങിയ സമയത്ത് പോസിറ്റീവായ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ചിത്രം റിലീസാവാനുള്ള കാത്തിരിപ്പിലാണ് നിവിൻ പോളി ആരാധകർ.

മഹാവീര്യറിൽ സന്യാസിയുടെ റോളാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. മുകളിലേക്ക് കെട്ടിവെച്ച മുടിയും സന്യാസ വേഷവും ആളുകളിൽ കൗതുകമുണ്ടാക്കിയിരുന്നു. എന്നാൽ ഈ ലുക്ക് കാരണം ഷൂട്ടിങ് സമയത്ത് നിവിൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് എബ്രിഡ്‌ ഷൈൻ.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിവിൻ പോളിയും എബ്രിഡ്‌ ഷൈനും. ആ വിഗ്ഗ് കാരണം നിവിൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ആ സമയത്ത് ചിലപ്പോൾ സന്യാസ വേഷധാരിയായി തെറിയാവും നിവിൻ പറഞ്ഞിട്ടുണ്ടാവുകയെന്നുമാണ് എബ്രിഡ്‌ ഷൈൻ പറഞ്ഞത്.

‘ആ വിഗ്ഗ് കാരണം നിവിൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ചില സമയങ്ങളിൽ നിവിൻ ആ ജഡ വെച്ചുവരുമ്പോൾ അത് ചെരിഞ്ഞിരിക്കും. ചിലപ്പോൾ ഒട്ടിച്ച സാധനമൊക്കെ പൊളിഞ്ഞിരിക്കും. പൊളിഞ്ഞിരിക്കുമ്പോൾ നമ്മൾ അത് കറക്ട് ചെയ്യാൻ വേണ്ടി പറയും. വീണ്ടും മേക്കപ്പ് ആർട്ടിസ്റ്റിന്റെ അടുത്ത് പോകണം. അപ്പോൾ നിവിൻ വിചാരിക്കും രണ്ട് മിനുട്ട് മുമ്പ് അല്ലെ ഇത് ഒട്ടിച്ചതെന്ന്, പിന്നെന്തിനാ ഞാൻ വീണ്ടും ഒട്ടിക്കുന്നതെന്ന്,’ എബ്രിഡ്‌ പറയുന്നു.

ബുദ്ധിമുട്ടുകളെ കുറിച്ച് നിവിനും അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.
‘നല്ല തലവേദനയെടുക്കും. കാരണം ഫുൾ പിന്നൊക്കെ കുത്തിവെച്ചിരിക്കുകയാണ്. ഞാൻ ആ സമയത്ത് മുടി വളർത്തിയിട്ടുണ്ടായിരുന്നു. പിന്നെ ഫുൾ പശയൊക്കെ തേച്ച് ഒട്ടിച്ച് വെക്കുകയാണ്’, എന്നാണ് നിവിൻ പറഞ്ഞത്.

‘അവിടെയാണെകിൽ ചൂട്, ലൈറ്റിന്റെ ചൂട്, പുക, പൊടിപടലം അതിന്റെയെല്ലാം ഇടക്ക് ഈ മുടിയും കൂടെ ആകുമ്പോൾ നല്ല ബുദ്ധിമുട്ട് ഉണ്ടാകും. ഇടക്ക് സീനിന്റെ തുടർച്ചയും നഷ്ടമാവും. ആ സമയത്ത് ചിലപ്പോൾ സന്യാസ വേഷധാരിയായി തെറിയാവും നിവിൻ പറഞ്ഞിട്ടുണ്ടാവുക ( രണ്ടുപേരും ചിരിക്കുന്നു )’, എബ്രിഡ്‌ കൂട്ടിച്ചേർത്തു.

മൂത്തോന് ശേഷം നിവിൻ പോളിയുടെ തിയേറ്ററിലെത്തുന്ന ചിത്രമാണ് മഹാവീര്യർ. നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സിന്റേയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റേയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫാന്റസി ടൈം ട്രാവല്‍ ജോണറിലാണ് ചിത്രം സഞ്ചരിക്കുന്നത്.

Content Highlight: Abrid Shine says that Nivin Pauly sufferd a lot in the movie Mahaveeryar because of his vigg

We use cookies to give you the best possible experience. Learn more