എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മഹാവീര്യർ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകെ മൊത്തം ഒരു ഫാന്റസി മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ കാണുമ്പോൾ മനസ്സിലാകുന്നത്.
ആക്ഷന്‍ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. ഈ സിനിമയിൽ നിവിൻ പോളിയോട് ഡബിൾ റോൾ ചെയ്യാൻ ആവശ്യപ്പെട്ടിരിന്നുവെന്നും എന്നാൽ നിവിൻ ആസിഫ് അലിയെ സജസ്റ്റ് ചെയ്യുകയായിരുന്നെന്നും പറഞ്ഞിരിക്കുകയാണ് എബ്രിഡ് ഷൈൻ. ഹീറോയും ആന്റി ഹീറോയും തമ്മിലുള്ള മത്സരമോ അടിയോ യുദ്ധമോ ഒന്നുമല്ല ഈ സിനിമഎന്നും അദ്ദേഹം കൂട്ടി ചേർത്തു.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമയുടെ കഥ ഞാൻ ആദ്യം പറയുന്നത് നിവിനോടാണ്. ഇതിൽ ഡബിൾ റോൾ ചെയ്യാൻ ഞാൻ നിവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ രണ്ടു റോളും ഒരു പോലെ പ്രധാനപ്പെട്ടതാണ്, അതുകൊണ്ട് രണ്ടും നിവിൻ ചെയ്‌താൽ കൊള്ളാമെന്ന് ഞാൻ പറഞ്ഞു. ഒരു റോൾ ഞാൻ പ്ലേ ചെയ്യാം, മറ്റേ റോൾ വേറെ ഒരു നടൻ ചെയ്യട്ടെ എന്നായിരുന്നു നിവിന്റെ മറുപടി.
നിവിനാണ് ആസിഫിനെ സജസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് ആസിഫ് അലി വേറെ ഒരുപാട് സിനിമകളുമായി തിരക്കിലായിരുന്നു. ആസിഫ് വരുമെന്ന് തോന്നുന്നില്ലെന്ന് ഞാൻ നിവിൻ പോളിയോട് പറഞ്ഞു. ചേട്ടൻ ഇത് പോയി പറഞ്ഞ് നോക്കൂ, ഞാനാണ് കഥ കേൾക്കുന്നതെങ്കിൽ ഞാൻ ചെയ്യും അതുകൊണ്ട് തന്നെ ഇത് ആസിഫ് ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നതെന്നാണ് നിവിൻ തന്ന മറുപടി.
ഒരേ പോലെ പ്രാധാന്യമുള്ള റോളുകളായത് കൊണ്ടാണ് നിവിനെയും ആസിഫിനെയും പ്ലേസ് ചെയ്തത്. നിവിൻ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണിതിൽ. അത് നിവിൻ മനോഹരമായി ചെയ്തിട്ടുണ്ട്. ആസിഫും അതെ പോലെ വളരെ നല്ലൊരു ക്യാരക്ടറാണ് കൈകാര്യം ചെയ്യുന്നത്. ഹീറോയും ആന്റി ഹീറോയും തമ്മിലുള്ള മത്സരമോ അടിയോ യുദ്ധമോ ഒന്നുമല്ല ഈ സിനിമ,; എബ്രിഡ് ഷൈൻ പറഞ്ഞു.
ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എബ്രിഡ് ഷൈന്‍ മഹാവീര്യറുടെ തിരക്കഥയെഴുതിയത്. ജൂലൈ 21നാണ് മഹാവീര്യര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.
Content Highlight: Abrid Shine says that he was planned to do double role of nivin in Mahaveeryar but Nivin suggested Asif Ali